പുരസ്കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി; ചോദ്യം ചെയ്‌ത്‌ അഹാന കൃഷ്ണ

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ.പുരസ്കാര ജേതാക്കളായ സ്ത്രീകളെ പുരുഷ താരങ്ങൾക്ക് പിന്നിൽ ഇരുത്തിയതിനെയാണ് അഹാന ചോദ്യം ചെയ്തത്.

ചടങ്ങിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പും അസ്വസ്ഥതയും പരസ്യമാക്കിയത്. ‘പുരസ്കാരത്തിന് അർഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃച്ഛികതയാണോ ?എന്ന് അഹാന കൃഷ്ണ ചോദിക്കുന്നു’.

“എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. എന്നാലും, വീഡിയോ കണ്ടപ്പോൾ അവിടെ പുരസ്‌കാര ജേതാക്കളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ കഴിയില്ല.” അഹാന കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

എന്നാൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഷംല ഹംസ മുൻനിരയിൽ നടന്മാർക്കൊപ്പം തന്നെ ഇരിപ്പുണ്ടായിരുന്നു. പിൻനിരയിൽ തള്ളപ്പെട്ടു എന്ന് അഹാന പറയപ്പെടുന്ന നടിമാർ ദിവ്യ പ്രഭ, കനി കുസൃതി, ജ്യോതിർമയി എന്നിവരെ ഊന്നിയാണ്.