
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങിന്റെ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നടി അഹാന കൃഷ്ണ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലെ മുൻനിരയിൽ പുരുഷന്മാർ മാത്രം ഇരുന്നതിനെ ചോദ്യം ചെയ്താണ് താരം രംഗത്തെത്തിയത്.
ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, “ഒന്നാം നിരയിൽ ഇരിക്കാൻ സ്ത്രീകൾ ആരുമില്ലേ?” എന്ന ചോദ്യമാണ് അഹാന ഉയർത്തിയത്. വിവേചനമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളേണ്ട ചടങ്ങുകളിൽ ഇത്തരം രീതികൾ പുനഃപരിശോധിക്കപ്പെടണമെന്ന സൂചനയാണ് അഹാനയുടെ വാക്കുകളിലുള്ളത്. സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ സ്ത്രീ പ്രാതിനിധ്യം മുൻനിരയിൽ കുറഞ്ഞത് സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്.
സംസ്ഥാന അവാർഡ് പോലെ പ്രധാനപ്പെട്ട ഒരു വേദിയിൽ ജൻഡർ തുല്യത പാലിക്കപ്പെടേണ്ടതുണ്ടെന്നും, ഇത്തരം പൊതുചടങ്ങുകളിൽ സംഘാടകർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ അഹാനയെ പിന്തുണച്ച് അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, പ്രോട്ടോക്കോൾ പ്രകാരമുള്ള ക്രമീകരണമാണ് നടന്നതെന്ന വാദവും ഉയരുന്നുണ്ട്. ഏതായാലും താരത്തിന്റെ ഈ നിലപാട് ഇപ്പോൾ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.











