കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്; ‘കൊറഗജ്ജ’ ഫെബ്രുവരിയിൽ തിയറ്ററുകളിൽ

മലയാളികൾക്ക് ‘അനാർക്കലി’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ സുപരിചിതനായ ബോളിവുഡ് താരം കബീർ ബേദി വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ സംവിധാനം ചെയ്യുന്ന ‘കൊറഗജ്ജ’ എന്ന ചിത്രത്തിലൂടെയാണ് കബീർ ബേദിയുടെ തിരിച്ചുവരവ്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊറഗജ്ജ ദൈവത്തിന്റെ ഇതിഹാസകഥ പറയുന്ന ചിത്രം ഫെബ്രുവരിയിലാണ് പ്രേക്ഷകരിലേക്കെത്തുക. പ്രസ് മീറ്റിൽ സംവിധായകൻ സുധീർ അട്ടാവർ, കന്നടയിലെ പ്രമുഖ നടി ഭവ്യ, നിർമാതാവ് ത്രിവിക്രം സഫല്യ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നിവർ പങ്കെടുത്തു.

കേരളത്തെയും കേരളീയ ഭക്ഷണത്തെയും സിനിമകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്നും, മലയാള സിനിമയിൽ വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും കബീർ ബേദി പറഞ്ഞു. ദേശീയ അവാർഡുകളിൽ ഏകദേശം 25 ശതമാനവും മലയാള സിനിമകൾ സ്വന്തമാക്കുന്നതായും, മലയാള സിനിമയോടുള്ള തന്റെ പ്രത്യേക ഇഷ്ടവും അദ്ദേഹം പങ്കുവെച്ചു. ചരിത്രവുമായി ബന്ധമുള്ള ‘കൊറഗജ്ജ’ പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു. ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് കബീർ ബേദി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

‘കൊറഗജ്ജ’യുടെ ഓഡിയോ റൈറ്റ്സ് ZEE മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് ചിത്രം നിർമ്മിക്കുന്നത്. സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാണ്.

കർണാടകത്തിലെ കറാവളി മേഖലയിൽ (തുളുനാട്) ദൈവാരാധനയിൽ പ്രധാന സ്ഥാനമുള്ള കൊറഗജ്ജ ദൈവത്തിന്റെ അതിശയകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിലെ മുത്തപ്പൻ ദൈവാരാധനയുമായി കൊറഗജ്ജയ്ക്ക് നിരവധി സാമ്യതകളുണ്ട്. ഏകദേശം 800 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ആധാരം.

കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദർ. ആകെ 31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷത്തിൽ എത്തുന്നു. കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ്–ബോളിവുഡ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറും പ്രശസ്ത നർത്തകിയുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നവീൻ ഡി. പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദർ ഷെട്ടി. സൗണ്ട് ഡിസൈൻ ബിബിൻ ദേവ്. വി എഫ് എക്സ് ലെവൻ കുശൻ. കളറിസ്റ്റ് ലിജു പ്രഭാകർ.ഡിജിറ്റൽ മാർക്കറ്റിംഗ്- വിവേക് വിനയരാജ്, പി ആർ ഓ- മഞ്ജു ഗോപിനാഥ്.