
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് തനിക്ക് ലഭിച്ച വൈകിയ ക്ഷണത്തെ പരിഹാസരൂപേണ വിമർശിച്ച് നടൻ ഷമ്മി തിലകൻ. ജനുവരി 25-ന് തിരുവനന്തപുരത്ത് നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിനുള്ള ഔദ്യോഗിക ക്ഷണക്കത്ത് നാല് ദിവസത്തിന് ശേഷം ജനുവരി 29-നാണ് താരത്തിന് ലഭിച്ചത്.
സാംസ്കാരിക വകുപ്പിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ഈ ‘സമയനിഷ്ഠ’യെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഷമ്മി തിലകൻ പരിഹസിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസമൊന്നും എടുക്കില്ലെന്നും, ചടങ്ങ് കഴിഞ്ഞ് കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ബുദ്ധി അപാരമാണെന്നും അദ്ദേഹം കുറിച്ചു.
“വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാൻസ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റൂ,” എന്ന് അദ്ദേഹം പരിഹസിച്ചു. അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിലെത്തി നാല് ദിവസത്തിന് ശേഷം കത്തയക്കുന്നതിലെ ‘ആർട്ട്’ ആണ് താൻ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം ഇപ്പോഴേ അയച്ചു വിടുകയാണെങ്കിൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും കത്ത് കയ്യിൽ കിട്ടുമായിരുന്നു എന്ന പരിഹാസത്തോടെയാണ് ഷമ്മി തിലകൻ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. മുൻപും ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾക്കെതിരെ ഷമ്മി തിലകൻ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.











