ഷാരൂഖ് ഖാൻ ആരാധകനെന്ന് വിജയ്; കിംഗ് മേക്കർ അല്ല, പക്ഷെ ജയിക്കും

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ ആണ് ദളപതി വിജയ്. വിജയ്‌യുടെ സിനിമ ഇനി എത്ര മോശം ആണെങ്കിൽ പോലും തിയറ്ററുകളിൽ വിജയ് ചിത്രം ഉണ്ടാക്കുന്ന ഓളം പറഞ്ഞറിയിക്കാനാകാത്ത ഒന്നാണ്.

ഇപ്പോഴിതാ താനൊരു ഷാരുഖ് ഖാൻ ആരാധകനാണ് എന്ന് പറയുകയാണ് വിജയ്. എൻഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. എംജിആറും ജയലളിതയും തന്റെ റോൾ മോഡലുകളാണെന്നും വിജയ് കൂട്ടിച്ചേർത്തു.

രാഷ്ട്രീയ രംഗത്ത് ഒരു കിങ് മേക്കർ ആയി മുദ്രകുത്തപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി. “ഞാൻ ജയിക്കും. ഞാൻ എന്തിനാണ് കിങ് മേക്കർ ആകുന്നത് ?. വരുന്ന ജനക്കൂട്ടത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നും വിജയ് പറഞ്ഞു.

അതേസമയം എൻഡി ടിവിയ്ക്ക് വിജയ് നൽകിയ അഭിമുഖം പുറത്തുവിട്ടിട്ടില്ല. ആരാധകർ സ്നേഹത്തോടെ ഇളയ ദളപതി എന്ന് വിളിക്കുന്ന വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാണ്എച്ച് വിനോദ് സംവിധാനം ചെയ്‌ത ജന നായകൻ. സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ.

ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിഗണിച്ചാണ് ഇവരുടെ ഈ പുതിയ നീക്കം.

കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്‍റെ അപ്പീല്‍ വന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. നിര്‍മാതാക്കള്‍ നേരത്തെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

അതേസമയം ഈ വര്‍ഷം സിനിമാലോകം ഏറ്റവും കാത്തിരുന്ന ചിത്രമായിരുന്നു എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്‍. വിജയ്, സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനാൽ വിജയ്യുടെ അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധയാകർഷിച്ച സിനിമകൂടിയാണ് ‘ജനനായകൻ’.

ജന നായകൻ റിലീസ് വൈകുന്നതിൽ ആരാധകരും കടുത്ത നിരാശയിലാണ്. പൂജ ഹെ​ഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള ചിത്രമായതു കൊണ്ട് ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്.