സി.ജെ. റോയിയുടെ മരണം: ‘ആത്മഹത്യ ഒന്നിനും പരിഹാരമല്ല’, മരണത്തിൽ ദുരൂഹതയുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്

ബംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരണവുമായി നടനും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ്. ആദായനികുതി റെയ്ഡിനിടെ അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും എന്നാൽ ഇതിന് പിന്നിൽ മറ്റ് ചില ദുരൂഹതകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

നികുതി വെട്ടിപ്പ് പിടിക്കപ്പെട്ടാൽ പിഴയൊടുക്കി പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ എന്നിരിക്കെ, എന്തിനാണ് അദ്ദേഹം ജീവനൊടുക്കാൻ തുനിഞ്ഞതെന്ന് വ്യക്തമല്ല. “കോൺഫിഡന്റ് ഗ്രൂപ്പ് മുതലാളിക്ക് കോൺഫിഡൻസ് ഇല്ലാതെ പോയി” എന്നാണ് പണ്ഡിറ്റ് ഇതിനെ വിശേഷിപ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ആരെയും തൂക്കിലേറ്റാറില്ലെന്നും പിഴയടച്ചാൽ മിക്ക കേസുകളിൽ നിന്നും രക്ഷപ്പെടാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുമ്പ് സമാന രീതിയിൽ ആത്മഹത്യ ചെയ്ത മറ്റ് പ്രമുഖ ബിസിനസുകാരുടെ മരണങ്ങളും അദ്ദേഹം തന്റെ കുറിപ്പിൽ പരാമർശിച്ചു. ആദായനികുതി ഉദ്യോഗസ്ഥരോ ഇഡിയോ രേഖകൾ ചോദിച്ചതിന്റെ പേരിൽ മാത്രം ഒരാൾ ആത്മഹത്യ ചെയ്യില്ലെന്നും ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ബിഗ് ബജറ്റ് ചിത്രങ്ങളായ ‘കാസനോവ’, ‘മരക്കാർ’ തുടങ്ങിയ സിനിമകളുടെ നിർമ്മാണത്തിലും പങ്കാളിയായിരുന്നു സി.ജെ. റോയ്. മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പണ്ഡിറ്റ് ആവശ്യപ്പെട്ടു.