
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് 70ആം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം രാജാവിന്റെ മകനിലൂടെയാണ് SPV മലയാളത്തിൽ അരങ്ങേറുന്നത്.
1985- 2000 കാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ എസ് പി വെങ്കിടേഷിനു കഴിഞ്ഞു. കുഞ്ഞിക്കിളിയേ കൂടെവിടേ, കിലുകിൽ പമ്പരം, മീനവേനലിൽ, ഊട്ടിപ്പട്ടണം, ശാന്തമീ രാത്രിയിൽ, മുത്തുമണിത്തൂവൽ തരാം, കനകനിലാവേ തുയിലുണരൂ, പാതിരാക്കിളി വരൂ, കറുകവയൽക്കുരുവീ, മാലിനിയുടെ തീരങ്ങൾ, നീലാഞ്ജന പൂവിൻ, അലയും കാറ്റിൻ ഹൃദയം, താമരക്കണ്ണനുറങ്ങേണം, പുത്തൻപുതുക്കാലം മുത്തമിട്ടനേരം, കാബൂളിവാലാ നാടോടി, പാൽനിലാവിനും, നിലാവേ മായുമോ, ഒരു വല്ലം പൊന്നും പൂവും, ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന, ആറ്റിറമ്പിലാല്‍മരത്തില്‍, ഏഴിമല പൂഞ്ചോല, പരുമലച്ചെരുവിലെ, നീയുറങ്ങിയോ നിലാവേ തുടങ്ങീ സംഗീത പ്രേമികൾ എല്ലാക്കാലവും ഓർത്തിരിക്കുന്ന എവർഗ്രീൻ ഹിറ്റുകൾക്കൊപ്പം അപ്പു, മഹായാനം, ദേവാസുരം, തുടങ്ങിയ ചിത്രങ്ങൾക്ക് ഇദ്ദേഹം ചെയ്ത പശ്ചാത്തല സംഗീതം പ്രശസ്തമാണ്.
തമിഴ്‌നാട് സ്വദേശിയെങ്കിലും വെങ്കടേഷിന്റെ സംഭാവനകളില്‍ ഏറെയും സംഭവിച്ചിട്ടുളളത് മലയാള സിനിമകളിലാണ്. മാന്‍ഡലിന്‍ വാദകനായ പഴനിയുടെ പുത്രനായി ജനിച്ച വെങ്കടേഷിന് സംഗീതം ജനിതകമായി ലഭിച്ച ഒന്നായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഉപകരണ സംഗീതവാദനം പഠിച്ച വെങ്കടേഷ് ഗിത്താര്‍, മാന്‍ഡലിന്‍, ബാഞ്ചോ എന്നിവ വായിക്കുമായിരുന്നു. പ്രശസ്ത സംഗീത സംവിധായകരായ ശ്യാമിൻ്റെയും രവീന്ദ്രൻ മാഷിന്റെയും സഹായിയായി കുറെ കാലം. സഹായിയായി നില്‍ക്കുന്ന കാലത്ത് തന്നെ വെങ്കടേഷിന്റെ കഴിവുകള്‍ പല സംവിധായകരും നിർമാതാക്കളും ശ്രദ്ധിച്ചിരുന്നെങ്കിലൂം അന്ന് അറിയപ്പെടുന്നവരെ മറികടന്ന് പുതിയവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന ശീലം കുറവായിരുന്നു.
അന്ന് മറ്റുള്ളവർക്ക് വേണ്ടിയും അദ്ദേഹം ക്രെഡിറ്റ് ഇല്ലാതെ പാട്ടുകൾ ചിട്ടപ്പെടുത്തി.ഇതെല്ലം മാറിനിന്ന് നിരീക്ഷിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ഇത് തമ്പി കണ്ണന്താനത്തോട് വെങ്കിടേഷിന്റെ കാര്യം പറഞ്ഞു . ഏത് റിസ്കും ഏറ്റെടുക്കാൻ മടി കാണിക്കാത്തയാളാണ് തമ്പി. അന്ന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാത്തതിന്റെ വാശിക്ക് ആക്ഷന്‍ റോളുകളില്‍ ശോഭിക്കുമോ എന്ന് ഉറപ്പില്ലാത്ത ഹീറോ എന്ന നിലയില്‍ അധികം സോളോ ഹിറ്റുകളുടെ പിൻബലമില്ലാത്ത ‘മോഹൻലാൽ നെ നായകനാക്കി രാജാവിന്റെ മകൻ’ സംവിധാനം ചെയ്യാൻ ഒരുങ്ങുകയായിരുന്നു തമ്പി .
നിര്‍മ്മാതാവും അദ്ദേഹം തന്നെ. പണം നഷ്ടപ്പെട്ടാല്‍ ആരോടും സമാധാനം പറയേണ്ടതില്ല. തന്റെ പേരിലുളള റബര്‍തോട്ടവും കാറും വരെ വിറ്റാണ് നിര്‍മ്മാണം. നായകന്റെ കാര്യത്തിലെന്ന പോലെ മ്യൂസിക്ക് ഡയറക്ടറുടെ കാര്യത്തിലും പരീക്ഷണത്തിന് തമ്പി തയ്യാറായി. അവരുടെ പ്രതീക്ഷ തെറ്റിച്ചില്ല വെങ്കടേഷ്. രാജാവിന്റെ മകനിലെ ‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടുന്ന സംഗീതമ… ’ അടക്കമുളള ഒന്നാം തരം പാട്ടുകള്‍ ചിട്ടപ്പെടുത്തി. ഗാനങ്ങള്‍ ഹിറ്റായെന്ന് മാത്രമല്ല അതിന്റെ ഈണം സിനിമയുടെ മൂഡുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. അങ്ങനെ ആദ്യ സിനിമ കൊണ്ട് തന്നെ മൗലിക പ്രതിഭയുളള ഒരു സംഗീതജ്ഞന്റെ വരവ് ഉറപ്പിച്ചു എസ്.പി.വെങ്കിടേഷ്. അതോടെ തുടര്‍ന്നുളള തന്റെ എല്ലാ സിനിമകളിലും തമ്പി കണ്ണന്താനം എസ്.പി.വിയെ മുന്‍നിര്‍ത്തി പാട്ടുകള്‍ ഒരുക്കി. ‘വഴിയോരക്കാഴ്ചകള്‍ ‘ഇന്ദ്രജാലം’, ‘ഭൂമിയിലെ രാജാക്കന്‍മാര്‍’ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിലെ പാട്ടുകളും ഈ കോംബോയില്‍ ഉദിച്ചു .











