
കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ വിതരണാവകാശത്തെച്ചൊല്ലിയുള്ള ചർച്ചകൾ സിനിമാലോകത്ത് സജീവമാകുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണാവകാശത്തിനായി പ്രമുഖ നിർമ്മാതാവ് ദിൽ രാജു ഏകദേശം 120 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് പുതിയ റിപ്പോർട്ടുകൾ. കെ.ജി.എഫ് സീരീസിലൂടെ ആന്ധ്രയിലും തെലങ്കാനയിലും യഷിന് ലഭിച്ച വൻ സ്വീകാര്യതയാണ് ഇത്രയും വലിയ തുകയിലേക്ക് കാര്യങ്ങളെത്തിച്ചത്.
മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം പ്രഖ്യാപന സമയം മുതൽക്കേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കന്നഡ സിനിമാ വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായ ടോക്സിക്കിൽ നയൻതാര, കിയാര അദ്വാനി ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്നുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളിലെ യഷിന്റെ വിപണി മൂല്യം കണക്കിലെടുത്ത് വിതരണാവകാശം സ്വന്തമാക്കാൻ വലിയ മത്സരമാണ് നടക്കുന്നത്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ പുറത്തുവരുന്ന ഈ ബിസിനസ് വാർത്തകൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. 2026 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ഭാഷകളിലെ വിതരണാവകാശത്തിനും സമാനമായ രീതിയിൽ വലിയ തുക ലഭിക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.











