ടൈം മെഷീന്‍ കിട്ടിയാല്‍, 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും, വിദ്വേഷം വളർത്തുന്നത് അപകടകരം; നടൻ കിഷോർ

ടൈം മെഷീന്‍ കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അങ്ങനൊരു അവസരം കിട്ടിയാല്‍ താന്‍ 2014 ലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റുമെന്നാണ് തെന്നിന്ത്യൻ നടൻ കിഷോര്‍ പറയുന്നത്.

ഇന്ത്യയാകെ മാറി. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പ് അപകടകരമാണ്. ഇതിനെ ഇങ്ങനെ തന്നെ പോകാന്‍ വിട്ടാല്‍ മാറാന്‍ പതിറ്റാണ്ടുകളെടുക്കും. വളരെ അപകടകരമാണെന്നും പുതിയ ചിത്രം മെല്ലിസൈയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ കിഷോര്‍ പറഞ്ഞു.

ഈ സിനിമയിലും സംസാരിക്കുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. സ്‌നേഹമില്ലാതെ ഒന്നുമില്ല. സ്‌നേഹമില്ലാതെ മനുഷ്യര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ല. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാനാകും. ആ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവര്‍ വളരെ അപകടകാരികളാണ്.

ഏത് കമ്യൂണിറ്റിയായാലും ശരി. അതൊരു നാടായാലും രാജ്യമായാലും ശരി. മിക്കയിടത്തും അത്തരക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ട്രംപിനെ നോക്കൂ. അത് അപകടമാണ്. മനുഷ്യരെപ്പോലുള്ള സോഷ്യല്‍ ആനിമലുകളാണ് അവര്‍ എന്നും കിഷോര്‍ ആരോപിക്കുന്നു.

‘രാഷ്ട്രീയം പവർ പൊസിഷനല്ല. ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യണം. ജവഹർലാൽ നെഹറു പറഞ്ഞത് താൻ പ്രഥമ സേവകൻ ആണെന്നാണ്. മോദി പറഞ്ഞത് പ്രധാന സേവക് എന്നാണ്. അതിനർഥം താനാണ് പ്രധാനിയെന്നാണ്.’ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ, ജനങ്ങളെ സേവിക്കണമെന്നും കിഷോർ കൂട്ടിച്ചേർത്തു.