അച്ഛനും മകനും വീണ്ടും സ്ക്രീനിൽ; മനം നിറച്ച് ‘ആശകൾ ആയിരം’ തിയറ്ററുകളിൽ

മലയാളികളുടെ പ്രിയ നടൻ ജയറാമും മകൻ കാളിദാസ് ജയറാമും നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും അച്ഛനും മകനുമായി ഒന്നിക്കുന്ന ‘ആശകൾ ആയിരം’ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, ‘എന്റെ വീട് അപ്പുവിന്റേയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ഈ ചിത്രം ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

അജീഷ് എന്ന സിനിമാ മോഹിയായ യുവാവായും അവന്റെ അച്ഛൻ ഹരിഹരനായുമാണ് കാളിദാസും ജയറാമും ചിത്രത്തിൽ വേഷമിടുന്നത്. അച്ഛനും മകനും തമ്മിലുള്ള രസകരമായ ഇണക്കങ്ങളും പിണക്കങ്ങളും ദൃശ്യാവിഷ്കരിക്കുന്ന സിനിമയിൽ, സ്വപ്നങ്ങളെ പിന്തുടരുന്ന മകനും ജീവിതയാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന അച്ഛനും തമ്മിലുള്ള വൈകാരിക ബന്ധമാണ് പ്രമേയം. യഥാർത്ഥ ജീവിതത്തിലെ അച്ഛനും മകനും ആയതുകൊണ്ടുതന്നെ ഇരുവരുടെയും കെമിസ്ട്രി സ്ക്രീനിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ‘2018’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജൂഡ് ആന്തണി ജോസഫും ചേർന്നാണ്. ജൂഡ് ആന്തണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സെൻസർ ബോർഡിന്റെ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റോടെയാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.

ജയറാമിന്റെ സ്ട്രോങ്ങ് ആയ ഫാമിലി ഓഡിയൻസിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമയുടെ ആവിഷ്കാരം. സലാം കാശ്മീരിലെ ജയറാമിന്റെ പ്രശസ്തമായ ‘പാപ്പപ്പമാ’ എക്സ്പ്രഷനെ മുൻനിർത്തിയുള്ള ട്രോളുകളെ സിനിമയിൽ രസകരമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രമോഷൻ പരിപാടികൾക്കിടെ കാളിദാസ് വെളിപ്പെടുത്തിയിരുന്നു. സനൽ ദേവിന്റെ സംഗീതവും സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് മാറ്റുകൂട്ടിയിട്ടുണ്ട്. വമ്പൻ റിലീസുകൾക്കിടയിലും കുടുംബപ്രേക്ഷകർ സിനിമ ഏറ്റെടുത്തു കഴിഞ്ഞു.