രൺവീർ സിംഗിനും ദീപികയ്ക്കും നേരെ വധഭീഷണി; സുരക്ഷ വർദ്ധിപ്പിച്ചു, ആശങ്കയിൽ അയൽവാസികൾ

ബോളിവുഡ് താരം രൺവീർ സിംഗിന് നേരെ വാട്സാപ്പ് വോയ്‌സ് നോട്ടിലൂടെ വധഭീഷണിയും പണമാവശ്യപ്പെട്ടുള്ള സന്ദേശവും ലഭിച്ചു. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് അജ്ഞാതൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ട ആളാണെന്ന അവകാശവാദത്തോടെയാണ് സന്ദേശം ലഭിച്ചത്. താരത്തിന്റെ പരാതിയെത്തുടർന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും താരദമ്പതികളുടെ വസതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

വാർത്ത പുറത്തുവന്നതോടെ തങ്ങളുടെ സുരക്ഷ മുൻനിർത്തി രൺവീറും ദീപികയും ആറ് സ്വകാര്യ സായുധ ഗാർഡുകളെ അധികമായി നിയമിച്ചിട്ടുണ്ട്. എന്നാൽ, ഈ അധിക സുരക്ഷാ ക്രമീകരണങ്ങൾ താമസസ്ഥലത്തെ മറ്റ് അന്തേവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അപ്പാർട്ട്‌മെന്റിലെ കോമൺ ഏരിയകളിലും കുട്ടികൾ കളിക്കുന്ന ഇടങ്ങളിലും സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ ചുറ്റിത്തിരിയുന്നത് തങ്ങളുടെ സ്വകാര്യതയെയും സമാധാനത്തെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റി അധികൃതർ ദാദർ പോലീസിന് കത്തയച്ചു.

സമീപകാലത്ത് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ ഭീഷണിയെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. അതേസമയം, സൊസൈറ്റി കമ്മിറ്റിയുടെ പരാതിയിൽ പോലീസ് വിശദീകരണം തേടിയിട്ടുണ്ട്. രൺവീറിന്റെ ഹിറ്റ് ചിത്രമായ ‘ധുരന്ധർ’ ന്റെ രണ്ടാം ഭാഗം അടുത്ത മാസം പുറത്തിറങ്ങാനിരിക്കെയാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.