കണ്ണിൽ നോക്കരുത്, പോക്കറ്റിൽ കൈ ഇടരുത്; കാവേരി ബറുവയ്ക്കെതിരെ അല്ലു അർജുൻ

അല്ലു അർജുനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് മാനേജർക്കെതിരെ നിയമനടപടി സ്വീകരിച്ച് താരത്തിന്റെ ടീം.

അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലിനെതിരെയാണ് താരം അപകീർത്തിക്കേസ് ഫയൽ ചെയ്തത്.

ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

കാവേരി ബറുവ ഒരു പോഡ്‌കാസ്റ് അഭിമുഖത്തിൽ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടൻ നിയമനടപടിയിലേക്ക് നീങ്ങിയത്. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് കിട്ടി എന്നാണ് കാവേരി അവകാശപ്പെട്ടത്.