
സൂപ്പർതാരം അല്ലു അർജുനെ നേരിൽ കാണുന്നതിനും അഭിമുഖം നടത്തുന്നതിനും മുൻപായി 42 കടുത്ത നിബന്ധനകൾ പാലിക്കണമെന്ന് താരത്തിന്റെ ടീം നിർദ്ദേശിച്ചതായി ബ്രാൻഡ് സ്ട്രാറ്റജിസ്റ്റായ കാവേരി ബറുവ വെളിപ്പെടുത്തി. ഒരു പോഡ്‌കാസ്റ്റിലൂടെയാണ് അവർ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. താരത്തിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, മൂന്നടി അകലം പാലിക്കണം തുടങ്ങിയ വിചിത്രമായ നിയമങ്ങളാണ് ഈ പട്ടികയിലുള്ളതെന്നാണ് ആരോപണം. വലിയൊരു സുരക്ഷാ സന്നാഹവും മാനേജർമാരുടെ നിരയും താരത്തിന് ചുറ്റുമുണ്ടെന്നും ഇവർ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത കാട്ടുതീ പോലെ പടർന്നതോടെ താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. താരത്തിന്റെ വിനീതമായ പെരുമാറ്റം വെറും കാപട്യമാണെന്നും ഇത്രയും വലിയ അഹങ്കാരം ഒരു താരത്തിന് ചേർന്നതല്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഇതിനിടെ, ഈ നിബന്ധനകൾ അടങ്ങിയതാണെന്ന് അവകാശപ്പെടുന്ന ഒരു കുറിപ്പും ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി പുറത്തിറക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ആരോപണങ്ങൾ കടുത്തതോടെ വിശദീകരണവുമായി അല്ലു അർജുന്റെ ഔദ്യോഗിക ടീം രംഗത്തെത്തി. തനിക്കെതിരെ ഉയർന്നിരിക്കുന്ന ഈ വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് താരം വ്യക്തമാക്കി. തന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരത്തിന്റെ ഓഫീസ് അറിയിച്ചു. ഇതിനകം തന്നെ വെളിപ്പെടുത്തൽ നടത്തിയ വ്യക്തിക്കെതിരെ അപകീർത്തിക്കേസിന് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ടുകൾ. വിവാദമായതോടെ വീഡിയോ പങ്കുവെച്ച പോഡ്‌കാസ്റ്റ് ഉടമയും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.











