‘ദൃശ്യം 3’ തിയറ്റർ കരാർ പുറത്ത്; ഹർത്താലും ബസ് സമരവും ബാധിക്കില്ല, വിട്ടുവീഴ്ചയില്ലാതെ ജോർജുകുട്ടി

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വിതരണ കരാറുകളുമായാണ് ‘ദൃശ്യം 3’ തിയറ്ററുകളിലേക്ക് എത്തുന്നത്. 2026 ഏപ്രിൽ 2-ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി ആശീർവാദ് സിനിമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകൾ തിയറ്റർ ഉടമകളെ അമ്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഹർത്താലോ ബസ് സമരമോ ഉണ്ടായാൽ പോലും സിനിമയുടെ പ്രദർശനം തടസ്സപ്പെടാൻ പാടില്ലെന്നും, ദിവസേന നാല് ഷോകൾ നിർബന്ധമായും നടത്തിയിരിക്കണമെന്നുമാണ് കരാറിലെ പ്രധാന നിബന്ധന.

ചിത്രത്തിന്റെ ലാഭവിഹിതം പങ്കുവെക്കുന്നതിലും നിർമ്മാതാക്കൾ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ആഴ്ചയിൽ ബോക്സ് ഓഫീസ് വരുമാനത്തിന്റെ 60 ശതമാനം ഷെയർ വിതരണക്കാർക്ക് നൽകണം. രണ്ടാം ആഴ്ചയിൽ ഇത് 55 ശതമാനമായും തുടർന്നുള്ള രണ്ടാഴ്ചകളിൽ 50 ശതമാനമായും നിജപ്പെടുത്തിയിരിക്കുന്നു. കളക്ഷൻ കുറവാണെങ്കിൽ പോലും ആദ്യ നാല് ആഴ്ചകളിൽ സിനിമ തിയറ്ററുകളിൽ നിന്ന് മാറ്റാൻ പാടില്ലെന്ന ‘ഹോൾഡ് ഓവർ’ നിയമത്തിലെ കർശന നിലപാടും കരാറിലുണ്ട്.

തിയറ്റർ ഉടമകൾ അഞ്ച് ലക്ഷം രൂപ അഡ്വാൻസ് തുകയായി നൽകണമെന്ന വ്യവസ്ഥയും ഇതിലുണ്ട്. സാധാരണ നിലയിലുള്ള ഫാൻസ് ഷോകൾ ഒഴിവാക്കി എല്ലാ തിയറ്ററുകളിലും ഒരേ സമയം പ്രദർശനം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ റിലീസായി മാറ്റാനാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ജോർജുകുട്ടിയുടെ ആരാധകർ വലിയ ആവേശത്തോടെയാണ് ഈ റിപ്പോർട്ടുകളെ നോക്കിക്കാണുന്നത്.