‘ടോക്സിക്’ ടീസറിൽ മാലാഖമാരുടെ മുന്നിൽ അശ്ലീല ദൃശ്യങ്ങൾ; യഷ് ചിത്രത്തിനെതിരെ ക്രൈസ്തവ സംഘടന രംഗത്ത്

കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ പുതിയ വിവാദത്തിൽ. ടീസറിലെ ചില ദൃശ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ‘നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ’ എന്ന സംഘടനയാണ് അധികൃതർക്ക് പരാതി നൽകിയത്. ചിത്രത്തിന്റെ ടീസറിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ രൂപത്തിന് മുന്നിൽ അശ്ലീലവും ആക്ഷേപകരവുമായ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.

പരിശുദ്ധനായ മാലാഖയുടെ സാന്നിധ്യമുള്ള പശ്ചാത്തലത്തിൽ ഇത്തരം ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് മനഃപൂർവം അവഹേളിക്കാനാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഈ രംഗങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ മുറിപ്പെടുത്തിയതായും, അതിനാൽ ടീസറിൽ നിന്ന് വിവാദ ഭാഗങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും സെൻസർ ബോർഡിനും സംഘടന പരാതി കൈമാറിയിട്ടുണ്ട്.

ടീസറിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുന്നതിനോടൊപ്പം അണിയറപ്രവർത്തകർ പരസ്യമായി മാപ്പ് പറയണമെന്നും സംഘടനയുടെ പ്രസിഡന്റ് പ്രദീപ് കുമാർ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. നേരത്തെ, ടീസറിലെ ചില രംഗങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി വനിതാ വിഭാഗവും രംഗത്തെത്തിയിരുന്നു. വലിയ തെന്നിന്ത്യൻ താരനിര അണിനിരക്കുന്ന ഈ ചിത്രം 2026 ഏപ്രിൽ മാസം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.