
മുംബൈ: ഒൻപത് കോടിയുടെ ചെക്ക് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രിയ നടൻ രാജ്പാൽ യാദവിനെ പിന്തുണച്ച് മുതിർന്ന താരം ഗോവിന്ദ് നംദേവ്. സിനിമാ മേഖലയിലെ സഹപ്രവർത്തകർ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ബോളിവുഡ് പൊതുവെ അവരെ ഒറ്റപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്പാൽ യാദവ് മനഃപൂർവ്വം ആരെയും പറ്റിക്കാൻ ശ്രമിക്കില്ലെന്നും സാഹചര്യങ്ങൾ കൊണ്ടാണ് താരം ഇത്തരമൊരു പ്രതിസന്ധിയിൽ അകപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് മറ്റുള്ളവരെ സഹായിക്കാൻ രാജ്പാൽ യാദവ് എപ്പോഴും മുന്നിലുണ്ടായിരുന്നുവെന്ന് ഗോവിന്ദ് നംദേവ് ഓർമ്മിപ്പിച്ചു. അന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചവരും സഹായം സ്വീകരിച്ചവരും ഇപ്പോൾ അദ്ദേഹം ജയിലിലായപ്പോൾ തിരിഞ്ഞുനോക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. സിനിമാ ലോകത്തെ ഈ മനോഭാവം മാറേണ്ടതാണെന്നും നന്മയുള്ള മനുഷ്യനായ രാജ്പാൽ ഈ പ്രതിസന്ധിയെ അതിജീവിച്ച് കരുത്തോടെ തിരിച്ചുവരുമെന്നും നംദേവ് പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിൽ തിഹാർ ജയിലിലാണ് രാജ്പാൽ യാദവ് കഴിയുന്നത്. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, സോനു സൂദ് തുടങ്ങിയ ചുരുക്കം ചില താരങ്ങൾ അദ്ദേഹത്തിന് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്. തന്റെ കരിയറിലെ ആദ്യ സംവിധാന സംരംഭമായ ‘അതാ പതാ ലാപ്പതാ’ എന്ന ചിത്രത്തിന് വേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതാണ് താരത്തെ നിയമക്കുരുക്കിലാക്കിയത്. ജാമ്യം ലഭിക്കുന്നതിനായുള്ള നിയമപോരാട്ടങ്ങൾ കോടതിയിൽ തുടരുകയാണ്.











