
കൊച്ചി: തന്റെ വ്യക്തിജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെയും പ്രണയ പരാജയങ്ങളെയും കുറിച്ച് വെളിപ്പെടുത്തലുമായി നടി മംമ്ത മോഹൻദാസ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ തന്നെ ഡേറ്റിംഗിന് ക്ഷണിച്ചുവെന്നും എന്നാൽ അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം തന്നിൽ നിന്നും മറച്ചുവെച്ചുവെന്നും താരം പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മംമ്ത തന്റെ പഴയകാല ബന്ധങ്ങളിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചത്.
മലയാള സിനിമയിലെ ഒരു നടൻ തന്നെ ഡേറ്റിംഗിനായി വിളിച്ചപ്പോൾ അമ്മയോട് അനുവാദം ചോദിച്ചാണ് താൻ പോയതെന്ന് മംമ്ത വെളിപ്പെടുത്തി. എന്നാൽ ഏകദേശം ഒരു മാസം മുമ്പ് തന്നെ ആ നടന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്ന സത്യം പിന്നീടാണ് താൻ അറിഞ്ഞത്. ഈ അനുഭവം തന്നെ വലിയ രീതിയിൽ തളർത്തിയെന്നും ഒരു ബന്ധത്തിൽ സത്യസന്ധത എത്രത്തോളം പ്രധാനമാണെന്ന് ഇത് തന്നെ പഠിപ്പിച്ചുവെന്നും മംമ്ത പറഞ്ഞു.
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു ബന്ധത്തിലേക്ക് താൻ പ്രവേശിച്ചിരുന്നുവെന്നും എന്നാൽ അതൊരു ‘റീബൗണ്ട്’ (Rebound) മാത്രമായിരുന്നുവെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു. മുൻ ബന്ധത്തിന്റെ വിഷമം മറക്കാൻ ഉടനെ മറ്റൊരു ബന്ധം കണ്ടെത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് മംമ്തയുടെ പക്ഷം. തന്റെ സമയം പാഴാക്കിയ ആ ബന്ധത്തിൽ നിന്നും വൈകാതെ തന്നെ പിന്മാറിയതായും താരം വ്യക്തമാക്കി.
രണ്ടുതവണ കാൻസറിനെ അതിജീവിച്ചും വിറ്റിലിഗോ എന്ന രോഗാവസ്ഥയോട് പോരാടിയും ജീവിതത്തിലേക്ക് തിരിച്ചുവന്ന മംമ്തയുടെ വെളിപ്പെടുത്തലുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വിവാഹബന്ധം പരാജയപ്പെട്ടെങ്കിലും പ്രണയത്തോടോ ജീവിതത്തോടോ തനിക്ക് വിരക്തിയില്ലെന്നും ഇപ്പോൾ മറ്റൊരാളുമായി താൻ പ്രണയത്തിലാണെന്നും മംമ്ത നേരത്തെ വെളിപ്പെടുത്തിയിരുന്നു.











