
8600 ലധികം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച് സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ആളാണ് ഇളയരാജ. എന്നാൽ ഈ അടുത്ത് താൻ മുൻപ് ചെയ്ത ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നതിന് പകർപ്പവകാശത്തെ ചൊല്ലി കോടികൾ ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ പ്രവൃത്തി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇപ്പോഴിതാ മ്യൂസിക് റെക്കോർഡിങ് കമ്പനിയായ സരിഗമയുമായി ബന്ധപ്പെട്ട കോപ്പിറൈറ് കേസിൽ ദൽഹി ഹൈ കോടതിയിൽ നിന്നും ഇളയരാജക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ് . സരിഗമയുടെ പക്കലുള്ള ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽനിന്ന് സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി.
വിവിധ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ സരിഗമയുടെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്ലോഡ് ചെയ്തതാണ് നിയമനടപടിക്ക് കാരണമായത്. സരിഗമ ഫയൽ ചെയ്ത ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഫെബ്രുവരി 13-ന് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോസാവൻ തുടങ്ങിയ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ അപ്ലോഡ് ചെയ്തതിനെത്തുടർന്നാണ് കമ്പനി നിയമനടപടി സ്വീകരിച്ചത്. ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് ഇളയരാജയുടെ വാദം കോടതി തള്ളി .ഇത്തരത്തിൽ ഇളയരാജ മറ്റ് പ്ലാറ്റുഫോമുകൾക്ക് ഗാനം നൽകിയാൽ സരിഗമ ‘ക്ക് അത് വലിയ നഷ്ടമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. സരിഗമ ഫയൽ ചെയ്ത ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.
ഇളയരാജയോ അദ്ദേഹത്തിന്റെ പങ്കാളികളോ ഏജന്റുമാരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഉപയോഗിക്കാനോ മൂന്നാം കക്ഷികൾക്ക് ലൈസൻസ് നൽകാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി.











