
ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ റോബർട്ട് ഡുവ്വാൾ (95) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ ഹോളിവുഡിന് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.
ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ വിഖ്യാത ചിത്രം ‘ദി ഗോഡ്ഫാദറി’ലെ ‘ടോം ഹേഗൻ’ എന്ന കഥാപാത്രമാണ് റോബർട്ട് ഡുവ്വാളിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയത്. കോർലിയോൺ കുടുംബത്തിന്റെ വിശ്വസ്തനായ ഉപദേശകനായി അദ്ദേഹം തകർത്താടി. 1983-ൽ പുറത്തിറങ്ങിയ ‘ടെണ്ടർ മെഴ്‌സീസിലെ’ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ‘അപ്പോക്കലിപ്‌സ് നൗ’, ‘ദി ഗ്രേറ്റ് സാന്റിനി’, ‘ദ ജഡ്ജ്’ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹം അവിസ്മരണീയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
അഭിനയത്തിന് പുറമെ സംവിധാനത്തിലും നിർമ്മാണത്തിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഴ് തവണ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള അദ്ദേഹം നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഡുവ്വാളിന്റെ വിയോഗം ലോകസിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രമുഖ ചലച്ചിത്ര പ്രവർത്തകർ അനുശോചിച്ചു.











