“ആരോഗ്യം വലിയ അനുഗ്രഹം; അത് നഷ്ടപ്പെടുമ്പോഴേ വില അറിയൂ”: സ്വന്തം അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ആരോഗ്യവും ഇന്ദ്രിയങ്ങളും ദൈവം നൽകിയ വലിയ അനുഗ്രഹങ്ങളാണെന്നും അവയുടെ യഥാർത്ഥ മൂല്യം നാം തിരിച്ചറിയുന്നത് അവ നഷ്ടപ്പെടുമ്പോഴാണെന്നും നടൻ മമ്മൂട്ടി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും കേൾവിപരിമിതിയുള്ളവർക്കായുള്ള ‘കാതോടു കാതോരം’ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദ്രിയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ ജീവിതത്തിലുണ്ടായ ഒരു ചെറിയ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ.

കുറച്ചുകാലമായി തനിക്ക് മണം ലഭിക്കാത്ത അവസ്ഥ (sense of smell) ഉണ്ടായിരുന്നെന്നും ഇപ്പോൾ അത് പതുക്കെ തിരിച്ചു കിട്ടിത്തുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓരോ ചെറിയ ഗന്ധങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണ് അവയൊക്കെ എത്ര വലിയ ഭാഗ്യമായിരുന്നുവെന്ന് താൻ ബോധ്യപ്പെട്ടതെന്ന് മമ്മൂട്ടി പറഞ്ഞു. ശബ്ദം കേൾക്കാൻ സാധിക്കാത്തവർക്ക് ആ ലോകം എത്രമാത്രം അപരിചിതമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരിക്കൽ താൻ ഒരാൾക്ക് വാങ്ങി നൽകിയ ശ്രവണസഹായ യന്ത്രം ആദ്യമായി ശബ്ദം കേട്ടപ്പോൾ പേടിച്ച് അയാൾ എറിഞ്ഞുകളഞ്ഞ സംഭവവും താരം പ്രസംഗത്തിനിടെ സൂചിപ്പിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൻ വെറുമൊരു പ്രതീകം മാത്രമാണെന്നും തന്നെ വെറും ‘മമ്മൂട്ടി’ എന്ന് വിളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മ പുരസ്കാരങ്ങൾ ജനങ്ങൾ നൽകുന്ന ആദരമാണെങ്കിലും അതൊന്നും ആഘോഷിക്കാനുള്ളതല്ലെന്നും മറ്റുള്ളവരെ സഹായിക്കുമ്പോൾ ലഭിക്കുന്ന മനസുഖമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.