വേദനകൾക്ക് വിട; കന്നഡ നടി രശ്മി ലീല അന്തരിച്ചു

ദീർഘകാലമായി അസുഖങ്ങളോട് പൊരുതിയിരുന്ന കന്നഡ ടെലിവിഷൻ താരം രശ്മി ലീല (37) വിടവാങ്ങി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗം ബാധിച്ച് അതികഠിനമായ വേദനയിലൂടെയാണ് താരം കടന്നുപോയിരുന്നത്.

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശ്വാസകോശത്തെ ബാധിക്കുന്ന ‘പൾമണറി ഫൈബ്രോസിസ്’ എന്ന അവസ്ഥയിലേക്ക് രശ്മിയുടെ ആരോഗ്യം വഷളായി. കഴിഞ്ഞ ഒരു വർഷത്തോളമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് താരം ജീവൻ നിലനിർത്തിയിരുന്നത്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും അതിനുശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിന് കാരണമായത്.

രശ്മിയുടെ ചികിത്സയ്ക്കായി കന്നഡ സിനിമാ-സീരിയൽ ലോകം ഒന്നടങ്കം സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു. ലക്ഷക്കണക്കിന് രൂപ സമാഹരിച്ചാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. കഠിനമായ ശാരീരിക വേദനകൾക്കിടയിലും പുഞ്ചിരിയോടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന രശ്മി, ആയിരക്കണക്കിന് ആളുകൾക്ക് ആത്മവിശ്വാസം പകരുന്ന വ്യക്തിത്വമായിരുന്നു. ഭർത്താവ് സറക്കി മഞ്ജുവാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്.