വിവിയനെ വിവാഹം ചെയ്യാതിരിക്കാൻ കാരണമുണ്ട്; കുഞ്ഞു വേണമെന്നത് എന്റെ തീരുമാനം: നീന ഗുപ്ത

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചും മകൾ മസാബ ഗുപ്തയുടെ ജനനത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി നീന ഗുപ്ത. വിവാഹം കഴിക്കാതെ അമ്മയാകാനുള്ള തീരുമാനം പൂർണ്ണമായും തന്റേതായിരുന്നുവെന്നും, താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ വിവിയൻ അതിനെ പൂർണ്ണമനസ്സോടെ പിന്തുണച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നീന.

പ്രായോഗികമായ തടസ്സങ്ങൾ കാരണമാണ് തങ്ങൾക്കിടയിൽ വിവാഹം നടക്കാതിരുന്നതെന്ന് നീന വ്യക്തമാക്കി. വിവാഹം കഴിക്കണമെങ്കിൽ ഒന്നുകിൽ നീനയ്ക്ക് തന്റെ ബോളിവുഡ് കരിയർ ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകണമായിരുന്നു, അല്ലെങ്കിൽ വിവിയൻ ഇന്ത്യയിലേക്ക് വരണമായിരുന്നു. അന്ന് ഈ രണ്ട് കാര്യങ്ങളും അസാധ്യമായിരുന്നു. അന്ന് പ്രണയത്താൽ താൻ അന്ധയായിരുന്നുവെന്നും ആരുടെയും ഉപദേശങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും താരം ഓർത്തെടുത്തു.

തന്റെ ജീവിതത്തിൽ ആ തീരുമാനങ്ങൾ ശുഭകരമായി മാറിയെങ്കിലും, ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്നത് വലിയ പ്രയാസമുള്ള കാര്യമായതിനാൽ മറ്റാരോടും ഈ വഴി തിരഞ്ഞെടുക്കാൻ താൻ നിർദ്ദേശിക്കില്ലെന്ന് നീന കൂട്ടിച്ചേർത്തു. എൺപതുകളിൽ വലിയ ചർച്ചയായ ഇവരുടെ പ്രണയത്തിൽ ജനിച്ച മകൾ മസാബയെ പരസ്യമായി അംഗീകരിക്കാൻ വിവിയൻ റിച്ചാർഡ്‌സ് ഒരിക്കലും മടിച്ചിരുന്നില്ലെന്നും നീന ഗുപ്ത പറഞ്ഞു.