
സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം ‘പ്രതിഛായ’ തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും നിർണ്ണായകവുമായ സിനിമയാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവേയാണ് സിനിമയുടെ പിന്നാമ്പുറക്കഥകളും അത് നിർമ്മിക്കാനുണ്ടായ വലിയ വെല്ലുവിളികളും അദ്ദേഹം പങ്കുവെച്ചത്. 2019-ൽ ആരംഭിച്ച ഈ സിനിമായാത്ര തന്റെ വ്യക്തിത്വത്തെപ്പോലും മാറ്റിമറിച്ചുവെന്നും ഈ ചിത്രത്തിന് മുൻപും ശേഷവുമുള്ള താൻ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പതിനഞ്ചാമത്തെ ചിത്രമായ ‘പ്രതിഛായ’ കേവലം ഒരു സിനിമയല്ലെന്നും നിരവധി പ്രതിസന്ധികളെ അതിജീവിച്ചുള്ള വലിയൊരു പോരാട്ടമാണെന്നും ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. നൂറ് ദിവസത്തിലധികം നീണ്ട ചിത്രീകരണമായിരുന്നു ഇതിന്റേത്. സൈബർ രാഷ്ട്രീയവും അച്ഛൻ-മകൻ ബന്ധവും പ്രമേയമാകുന്ന ചിത്രം നൂറ് ശതമാനം ഫിക്ഷൻ വർക്കാണെന്നും, രാഷ്ട്രീയ പ്രൊപ്പഗണ്ടയല്ലെന്നും അദ്ദേഹം അസന്ദിഗ്ധമായി വ്യക്തമാക്കി. വ്യക്തിത്വം നഷ്ടപ്പെട്ട് മനുഷ്യർ വെറും ‘പ്രതിഛായകൾ’ മാത്രമായി മാറുന്ന ഇന്നത്തെ കാലഘട്ടത്തെയാണ് സിനിമ പ്രതിനിധീകരിക്കുന്നത്.
സിനിമയുടെ വിജയത്തിനായി വിയർപ്പൊഴുക്കിയ സാധാരണക്കാരായ തൊഴിലാളികൾക്ക് സംവിധായകൻ ചടങ്ങിൽ പ്രത്യേക ആദരമർപ്പിച്ചു. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ ഇതിന്റെ ലാഭനഷ്ടങ്ങളിൽ പകുതി ബാധ്യത താൻ തന്നെ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും കൂടുതൽ സന്തോഷവും അതേസമയം ദുഃഖവും നൽകിയ സിനിമയാണിതെന്നും, തന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഈ സൃഷ്ടിയെ ഉപാധികളില്ലാതെ പ്രേക്ഷകർക്ക് മുന്നിൽ സമർപ്പിക്കുകയാണെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.











