‘യഥാർത്ഥ സംഭവങ്ങളാണ് സിനിമയിലുള്ളത്’; വിവാദങ്ങളിൽ മറുപടിയുമായി കേരള സ്റ്റോറി 2 സംവിധായകൻ

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ‘ദി കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സിനിമയിലെ ദൃശ്യങ്ങൾ കേവലം ഭാവനയല്ലെന്നും രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ നേർക്കാഴ്ചയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വിവാദങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ഉപരിയായി, സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാഹചര്യങ്ങൾ മാത്രമല്ല, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന സമാനമായ സംഭവങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കി. ട്രെയിലറിലെ വിദ്വേഷമുണ്ടാക്കുന്ന രംഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പത്രവാർത്തകളിൽ നിന്നും സാധാരണ ജനങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം മറുപടി നൽകി. പ്രത്യേകിച്ചും, ട്രെയിലറിൽ ഏറെ വിമർശനങ്ങൾക്ക് വഴിവെച്ച ഒരു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം യഥാർത്ഥത്തിൽ നടന്ന സംഭവമാണെന്നാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സിനിമയ്ക്കെതിരെ ഉന്നയിച്ച വിമർശനങ്ങളെയും അദ്ദേഹം അഭിമുഖത്തിൽ പരാമർശിച്ചു. കേരളത്തിലെ യഥാർത്ഥ അവസ്ഥ മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും സിനിമ പറയുന്ന കാര്യങ്ങൾ വസ്തുതപരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ, കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകർക്കാനും വിദ്വേഷം വിതയ്ക്കാനുമാണ് സിനിമ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി നിലനിൽക്കുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സംവിധായകന്റെ ഈ വെളിപ്പെടുത്തലുകൾ ചർച്ചകൾക്ക് പുതിയ മാനം നൽകുന്നു.