കേരളത്തെ അപമാനിക്കാനുള്ള നീക്കം അനുവദിക്കില്ല; ‘ദ കേരള സ്റ്റോറി 2’ ട്രെയിലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

വിവാദ ചലച്ചിത്രം ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേരളത്തെ വിദ്വേഷത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ മതേതര പ്രതിച്ഛായയെ തകർക്കാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് ഇത്തരം സിനിമകളിലൂടെ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങളെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെ ദൃശ്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കേരളത്തിൽ നിലവിലില്ലാത്ത കാര്യങ്ങൾ യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സിനിമയെ ആയുധമാക്കുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുമെന്നും കേരളത്തിന്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തപ്പോഴും സമാനമായ രീതിയിലുള്ള വലിയ പ്രതിഷേധങ്ങൾ കേരളത്തിൽ ഉയർന്നിരുന്നു. രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.