
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് വിതരണത്തിനെടുത്ത ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രം തങ്ങളുടെ കരിയറിലെ ആദ്യത്തെ വലിയ സാമ്പത്തിക പരാജയമാണെന്ന് നിർമ്മാതാവ് ജോബി ജോർജ് വെളിപ്പെടുത്തി. ഏകദേശം 16 കോടി രൂപ ചെലവഴിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഗുഡ്‌വില്ലിന്റെ സിനിമകളെല്ലാം ഹിറ്റാണെന്ന് പറയുന്നവർക്ക് ആഘോഷിക്കാൻ വേണ്ടിയാണ് ഈ നഷ്ടത്തിന്റെ കണക്ക് താൻ തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഷാജി നടേശനുമായുണ്ടായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ജോബി ജോർജ് തുറന്നടിച്ചു. സിനിമയുടെ വിതരണത്തിനായി 6.5 കോടി രൂപ താൻ മുൻകൂറായി നൽകിയിരുന്നു. സാധാരണ നിലയിൽ 10 ശതമാനം കമ്മീഷൻ വാങ്ങുന്ന സ്ഥാനത്ത് 5 ശതമാനം മാത്രമേ താൻ ആവശ്യപ്പെട്ടുള്ളൂ. എന്നാൽ ഈ തുക തിരികെ ലഭിക്കാതെ ഷാജി നടേശൻ മറ്റൊരു സിനിമ ചെയ്യാൻ പാടില്ലെന്ന കരാർ നിലവിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിനിമയുടെ മാർക്കറ്റിംഗിൽ വന്ന വീഴ്ചയാണ് പരാജയത്തിന് പ്രധാന കാരണമെന്നും ജോബി ജോർജ് ആരോപിച്ചു. ഇന്നത്തെ കാലത്ത് കൃത്യമായ പ്രൊമോഷൻ തന്ത്രങ്ങൾ ഇല്ലാതെ സിനിമ വിജയിപ്പിക്കാൻ കഴിയില്ല. എന്നാൽ വട്ടമേശ സമ്മേളനം നടത്തിയാൽ സിനിമ വിജയിക്കില്ലെന്ന ഷാജി നടേശന്റെ നിലപാടിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും, മാർക്കറ്റിംഗിൽ വരുത്തിയ അലംഭാവമാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











