ഗസ്സയിലെ വംശഹത്യ: ജർമ്മനിക്കെതിരെയും ബെർലിനാലെ വേദിയിൽ രൂക്ഷ വിമർശനവുമായി സിറിയൻ സംവിധായകൻ

76-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സിറിയൻ-പലസ്തീനിയൻ സംവിധായകൻ അബ്ദുള്ള അൽ ഖത്തീബ് നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ നേടുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ജർമ്മനി പങ്കാളിയാണെന്ന് അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തി. തന്റെ ‘ക്രോണിക്കിൾസ് ഫ്രം ദി സീജ്’ (Chronicles From the Siege) എന്ന ചിത്രത്തിന് മികച്ച ആദ്യ സിനിമയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന വേളയിലാണ് അദ്ദേഹം ജർമ്മൻ സർക്കാരിനെതിരെയും ലോകരാജ്യങ്ങളുടെ മൗനത്തിനെതിരെയും ആഞ്ഞടിച്ചത്.

പലസ്തീൻ പതാകയുമായി വേദിയിലെത്തിയ ഖത്തീബ്, പലസ്തീന്റെ വിമോചന പോരാട്ടത്തിന് പുരസ്കാരം സമർപ്പിച്ചു. “നമ്മളോടൊപ്പം നിന്നവരെയും നമുക്കെതിരെ നിന്നവരെയും നാം എന്നും ഓർക്കും. അന്തസ്സോടെ ജീവിക്കാനുള്ള നമ്മുടെ അവകാശത്തിനെതിരെ നിൽക്കുന്നവരോ മൗനം പാലിക്കുന്നവരോ ചരിത്രത്തിന് മുൻപിൽ കുറ്റക്കാരാണ്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നെങ്കിലും ഗസ്സയിൽ ലോകത്തിലെ പീഡിതരായ ജനതയ്ക്കായി ഒരു ചലച്ചിത്രമേള സംഘടിപ്പിക്കപ്പെടുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

മേളയുടെ റെഡ് കാർപ്പറ്റിൽ പലസ്തീൻ പതാകയുമായി അണിനിരന്നാണ് അബ്ദുള്ള അൽ ഖത്തീബും സംഘവും പ്രതിഷേധം അറിയിച്ചത്. ഖത്തീബിനെ കൂടാതെ ഗോൾഡൻ ബിയർ പുരസ്കാരം നേടിയ ലബനീസ് സംവിധായിക മരി-റോസ് ഓസ്റ്റയും ഇസ്രായേൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ചു. ഹോളിവുഡ് താരങ്ങളായ ഹാവിയർ ബാർഡം, ടിൽഡ സ്വിന്റൺ എന്നിവരുൾപ്പെടെയുള്ള എൺപതോളം ചലച്ചിത്ര പ്രവർത്തകർ ബെർലിനാലെ അധികൃതരുടെ പലസ്തീൻ വിരുദ്ധ നിലപാടുകളെ വിമർശിച്ച് തുറന്ന കത്തെഴുതിയതും ഇത്തവണത്തെ മേളയെ രാഷ്ട്രീയമായി ചൂടുപിടിപ്പിച്ചിരിക്കുകയാണ്.