‘ഓപ്പറേഷൻ സുഭാഷ്’ വിജയം; കൊച്ചി മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചു

കൊച്ചി കലൂരിലെ മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന പൂച്ചയെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുൻവശത്തെ മെട്രോ പില്ലറിലാണ് പൂച്ച കുടുങ്ങിയത്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധം പില്ലറിലെ കുഴിയിൽ കുടുങ്ങിയതിനാൽ പ്രദേശവാസികൾ പൂച്ചയ്ക്ക് ‘സുഭാഷ്’ എന്നാണ് പേരിട്ടിരുന്നത്. ഫയർഫോഴ്സ് നടത്തിയ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ‘സുഭാഷിനെ’ സുരക്ഷിതമായി താഴെയെത്തിച്ചത്.

ക്രെയിനിന്റെ സഹായത്തോടെ മെട്രോ തൂണിന് മുകളിലെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പൂച്ചയെ വലയിലാക്കുകയായിരുന്നു. താഴേക്ക് വീണാൽ പരിക്കേൽക്കാതിരിക്കാൻ താഴെ പ്രത്യേക വല വിരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. മെട്രോയുടെ ഹൈ വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഇടമായതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു ദൗത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പില്ലറിന് മുകളിൽ ഭക്ഷണം പോലുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടിയിരുന്ന പൂച്ചയെ കണ്ട് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് അധികൃതരെ വിവരം അറിയിച്ചത്.

പൂച്ചയെ സുരക്ഷിതമായി താഴെയെത്തിച്ചതോടെ നാട്ടുകാർ വലിയ ആഹ്ലാദപ്രകടനം നടത്തി. താഴെയിറക്കിയ പൂച്ചയെ പ്രാഥമിക പരിശോധനകൾക്കായി അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി. മൃഗസ്നേഹികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് ഈ രക്ഷാദൗത്യത്തിന് സാക്ഷ്യം വഹിച്ചത്. ഫയർഫോഴ്സിന്റെ കൃത്യസമയത്തുള്ള ഇടപെടലിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.