
വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിക്കുന്ന ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രം വെറും പ്രൊപ്പഗണ്ട (പ്രചാരണ വേല) മാത്രമാണെന്നും പണം സമ്പാദിക്കാനും ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോട് കശ്യപിന്റെ പ്രതികരണം.
ചിത്രത്തിന്റെ ട്രെയിലറിലെ വിവാദമായ ബീഫ് രംഗത്തെ അദ്ദേഹം പരിഹസിച്ചു. “ആരെങ്കിലും ഇങ്ങനെയാണോ ബീഫ് കഴിപ്പിക്കുന്നത്? ഇങ്ങനെ ആരെങ്കിലും ഒരാൾക്ക് കഞ്ഞി പോലും വിളമ്പില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ആദ്യ ഭാഗം തന്നെ മോശം സിനിമയായിരുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, രണ്ടാം ഭാഗം തികച്ചും അനാവശ്യവും വിദ്വേഷം പടർത്തുന്നതുമാണെന്ന് കൂട്ടിച്ചേർത്തു. സിനിമയുടെ അണിയറപ്രവർത്തകർ ലാഭക്കൊതിയന്മാരാണെന്നും എല്ലാവരെയും പ്രീണിപ്പിച്ച് പണമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിത്രത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ മതസൗഹാർദ്ദവും മതേതര പ്രതിച്ഛായയും തകർക്കാനുള്ള ‘വിഷലിപ്തമായ’ ശ്രമമാണിതെന്നാണ് അദ്ദേഹം വിമർശിച്ചത്. ഇതിനിടെ ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്നത്.











