
‘ദി കേരള സ്റ്റോറി’യിലൂടെ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സുദീപ്തോ സെൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ചരക്: ഫെയർ ഓഫ് ഫെയ്ത്ത്’ (Charak: Fair of Faith) സെൻസർ കുരുക്കിൽ. ചിത്രത്തിന് പ്രദർശനാനുമതി നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) വിസമ്മതിച്ചു. അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിലെ ചില ദൃശ്യങ്ങൾ ക്രൂരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി.
ചിത്രത്തിൽ നരബലി, നരഭോജനം തുടങ്ങിയ ആചാരങ്ങൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ, താൻ യാഥാർത്ഥ്യങ്ങളാണ് സിനിമയിൽ പകർത്തിയതെന്നും കെട്ടുകഥകളല്ലെന്നും സുദീപ്തോ സെൻ പ്രതികരിച്ചു. സിനിമയുടെ പല ഭാഗങ്ങളും മുറിച്ചുമാറ്റാൻ ബോർഡ് നിർദ്ദേശിച്ചുവെന്നും എന്നാൽ അനുമതി നിഷേധിച്ചതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിലെ ദൃശ്യങ്ങൾ വെട്ടിമാറ്റാൻ താൻ തയ്യാറാണെങ്കിലും ചിത്രത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടാനാണ് താൻ ശ്രമിച്ചതെന്ന് സംവിധായകൻ അവകാശപ്പെടുമ്പോൾ, ഇത് വിദ്വേഷം പടർത്താനുള്ള ശ്രമമാണെന്ന വിമർശനവും ഉയരുന്നുണ്ട്. അഞ്ജലി പാട്ടീൽ, സുബ്രത ദത്ത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാർച്ച് 6-ന് റിലീസ് ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ‘കേരള സ്റ്റോറി 2’നെതിരെ കേരളത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് സുദീപ്തോ സെന്നിന്റെ മറ്റൊരു ചിത്രവും വിവാദത്തിലാകുന്നത്.











