
വിവാദ ചലച്ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദ് കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യപ്പെട്ടുള്ള ഹർജികളിൽ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സിനിമയുടെ പേര് മാറ്റാൻ കഴിയില്ലെന്നും ഇത് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കഥയാണെന്നും നിർമ്മാതാവ് കോടതിയെ അറിയിച്ചു. സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ചതാണെന്നും അതിനാൽ റിലീസ് തടയരുതെന്നും അദ്ദേഹം വാദിച്ചു.
സിനിമയുടെ പേരിൽ ‘കേരളം’ എന്ന് ഉപയോഗിച്ചിരിക്കുന്നത് മതേതരത്വത്തിന് പേരുള്ള സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാനാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ, സിനിമയിൽ കാണിക്കുന്ന കാര്യങ്ങൾ പാൻ-ഇന്ത്യൻ സ്വഭാവമുള്ളതാണെന്നും കേരളത്തിൽ തുടങ്ങിയ വിഷയങ്ങൾ എങ്ങനെ രാജ്യം മുഴുവൻ വ്യാപിച്ചു എന്നാണ് ചിത്രം പറയുന്നതെന്നും അണിയറപ്രവർത്തകർ കോടതിയിൽ വിശദീകരിച്ചു. സിനിമയുടെ ട്രെയിലറിലെ ചില രംഗങ്ങൾ (പ്രത്യേകിച്ച് ബീഫ് സംബന്ധിച്ച ദൃശ്യങ്ങൾ) വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഹർജിക്കാരുടെ ആശങ്കകൾ ഗൗരവതരമാണെന്നും കേരളത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. തുടർന്ന്, സിനിമയിൽ എന്താണ് ഉള്ളതെന്ന് നേരിട്ട് ബോധ്യപ്പെടാൻ ചിത്രം ഹൈക്കോടതി തന്നെ കാണാൻ തീരുമാനിച്ചു. ഇതിനായി ഒരു പ്രത്യേക സ്ക്രീനിംഗ് ഒരുക്കാൻ കോടതി നിർദ്ദേശിച്ചു. സിനിമയുടെ ഉള്ളടക്കം പരിശോധിച്ച ശേഷം മാത്രമേ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് കോടതി കടക്കുകയുള്ളൂ.











