
ഇന്ത്യയിലെ യുവജനങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ജീവിത പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി ഒരു ആഗോള പഠന റിപ്പോർട്ട് പുറത്തു വരുന്നു.
യുഎസ് ആസ്ഥാനമായുള്ള ‘സാപിയൻ ലാബ്സ്’ നടത്തിയ ‘ഗ്ലോബൽ മൈൻഡ് ഹെൽത്ത് 2025’ പഠനത്തിലാണ് ഇന്ത്യൻ യുവാക്കളുടെ മാനസികാവസ്ഥ മോശമാണെന്ന കണ്ടെത്തലുള്ളത്. ലോകത്തെ 84 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 60-ാം സ്ഥാനത്താണ് ഇന്ത്യൻ യുവാക്കൾ.
പഠനമനുസരിച്ച് 18 മുതൽ 34 വയസ് വരെയുള്ള ഇന്ത്യൻ യുവാക്കളുടെ മാനസികാരോഗ്യം മുൻ തലമുറകളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. അതേസമയം, 55 വയസിന് മുകളിലുള്ള പ്രായമായവർ മാനസികാവസ്ഥയിൽ മികച്ച നിലവാരം പുലർത്തുന്നു എന്നതും ഈ പഠനം മുന്നോട്ടുവെക്കുന്നു.
മാനസികാരോഗ്യം അളക്കുന്നതിനായി സാപിയൻ ലാബ്സ് വികസിപ്പിച്ചെടുത്ത മാനദണ്ഡമാണ് ‘മൈൻഡ് ഹെൽത്ത് കോഷ്യന്‍റ്’. വൈകാരിക നിയന്ത്രണം, ഏകാഗ്രത, ആത്മവിശ്വാസം, സാമൂഹിക ബന്ധങ്ങൾ എന്നിങ്ങനെ 47 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സ്കോർ കണക്കാക്കുന്നത്. ഇതിൽ ഇന്ത്യൻ യുവാക്കളുടെ ശരാശരി സ്കോർ വെറും 33 ആണ്. ഈ സ്കോർ ലഭിക്കുന്നവർ ‘കടുത്ത മാനസിക സമ്മർദ്ദത്തിലോ അല്ലെങ്കിൽ ജീവിതത്തോട് പൊരുതുന്നവരോ’ ആയ വിഭാഗത്തിലാണ് വരുന്നത്.
എന്നാൽ ഇതേ ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ സ്കോർ 100-ന് അടുത്താണ്. അതായത്, അവർ തങ്ങളുടെ ജീവിതം മികച്ച രീതിയിൽ ആസ്വദിക്കുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യുന്നു.











