
തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ കരിയറിലെ 46-ാം ചിത്രത്തിന് ‘വിശ്വനാഥ് ആൻഡ് സൺസ്’ (Vishwanath & Sons) എന്ന് പേരിട്ടു. തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിലും ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് രാവിലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കയ്യിൽ ഒരു പിഞ്ചുകുഞ്ഞിനെയും പാൽക്കുപ്പിയുമായി നിൽക്കുന്ന സൂര്യയുടെ സ്റ്റൈലിഷ് ലുക്കാണ് പോസ്റ്ററിലുള്ളത്. ‘ഗജിനി’യിലെ സഞ്ജയ് രാമസ്വാമിയുടെ ലുക്കിനോട് സാമ്യമുള്ള ഒന്നായിരിക്കും ഇതെന്ന സൂചനകൾ നേരത്തെ സംവിധായകൻ നൽകിയിരുന്നു.
ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന ഈ ചിത്രം പ്രായവ്യത്യാസമുള്ള പ്രണയത്തെയും കുടുംബബന്ധങ്ങളെയുമാണ് പ്രമേയമാക്കുന്നത്. മലയാളികളുടെ പ്രിയ നടി മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. കൂടാതെ ബോളിവുഡ് താരം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നും ഈ വർഷം ജൂലൈ മാസത്തിൽ സിനിമ തിയേറ്ററുകളിൽ എത്തുമെന്നും നിർമ്മാതാക്കളായ സിതാര എന്റർടൈൻമെന്റ്സ് അറിയിച്ചു.
ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നിമിഷ് രവി ക്യാമറയും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ കഴിഞ്ഞ ചിത്രങ്ങളായ ‘റെട്രോ’, ‘കങ്കുവ’ എന്നിവയേക്കാൾ വലിയ വിജയം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂര്യയുടെ 47-ാമത് ചിത്രം ജിത്തു മാധവൻ സംവിധാനം ചെയ്യുമെന്ന വാർത്തകളും ഇതിനോടൊപ്പം സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്.











