‘പഹൽഗാം വിഷയത്തിൽ ഖമനെയി വാതുറന്നിരുന്നോ?’; ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം അറിയിക്കാത്തതിനെച്ചൊല്ലിയുള്ള ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഖമനെയി മുമ്പ് സ്വീകരിച്ചിട്ടുള്ള നിലപാടുകൾ മുൻനിർത്തിയാണ് പണ്ഡിറ്റിന്റെ പ്രതികരണം. പഹൽഗാം ആക്രമണം പോലുള്ള വിഷയങ്ങളിൽ ഖമനെയി പ്രതികരിച്ചിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.

പൊതുവേ ഇന്ത്യയെ സുഹൃത്തായി ഇറാൻ കാണാറുണ്ടെങ്കിലും കാശ്മീർ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ വിഷയങ്ങൾ വരുമ്പോൾ അവർ ഇന്ത്യക്കെതിരായ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും പൗരത്വ നിയമ ഭേദഗതി (CAA) വന്നപ്പോഴും ഖമനെയി ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇവ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഇറാനിലെ ഏകാധിപത്യ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കേരളത്തിലെ ചിലരുടെ നിലപാടിനെയും താരം രൂക്ഷമായി വിമർശിച്ചു. ഇറാനിലെ സ്ത്രീകൾ വസ്ത്രസ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ പ്രതികരിക്കാത്തവർ എന്തിനാണ് ഇറാന് വേണ്ടി മെഴുകുതിരി തെളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗൾഫ് രാജ്യങ്ങളിലും ഇസ്രായേലിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് നിലവിൽ ഭാരത സർക്കാർ മുൻഗണന നൽകുന്നതെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.