‘വാർദ്ധക്യത്തിൽ സാമ്പത്തിക ഭദ്രത വേണം, വിവാഹം ഒരു ഉടമ്പടിയല്ല’; നിലപാട് വ്യക്തമാക്കി ലിയോണ ലിഷോയ്

വിവാഹത്തെക്കുറിച്ചും സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും തന്റെ വ്യക്തമായ നിലപാടുകൾ തുറന്നുപറഞ്ഞ് നടി ലിയോണ ലിഷോയ്. വിവാഹം എന്നത് ജീവിതത്തിൽ നിർബന്ധമായും നടക്കേണ്ട ഒരു കാര്യമല്ലെന്നും, എന്നാൽ വാർദ്ധക്യകാലത്ത് അന്തസ്സോടെ ജീവിക്കാൻ സ്വന്തമായി സമ്പാദ്യവും സാമ്പത്തിക സ്വാതന്ത്ര്യവും അത്യന്താപേക്ഷിതമാണെന്നും താരം അഭിപ്രായപ്പെട്ടു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ലിയോണ തന്റെ ജീവിതവീക്ഷണങ്ങൾ പങ്കുവെച്ചത്.

വിവാഹം കഴിച്ചില്ലെങ്കിൽ ഒറ്റപ്പെട്ടുപോകുമെന്ന ഭയത്താൽ മാത്രം ആ ബന്ധത്തിലേക്ക് കടക്കരുത് എന്നാണ് ലിയോണയുടെ പക്ഷം. പങ്കാളിയെ കണ്ടെത്തുന്നത് സന്തോഷത്തിനായകണം, അല്ലാതെ വെറുമൊരു സാമൂഹിക സമ്മർദ്ദത്തിന് വഴങ്ങിയാകരുത്. തനിക്ക് ഇപ്പോൾ 33 വയസ്സായെന്നും വിവാഹത്തെക്കുറിച്ച് വീട്ടുകാർക്ക് ആശങ്കയുണ്ടെന്നും താരം വെളിപ്പെടുത്തി. എങ്കിലും അനുയോജ്യനായ ഒരാളെ കണ്ടെത്തിയാൽ മാത്രമേ ആ തീരുമാനത്തിലേക്ക് കടക്കൂ എന്നും ലിയോണ വ്യക്തമാക്കി.

സിനിമയിലെ തന്റെ കരിയറിനെക്കുറിച്ചും സാമ്പത്തികമായ അച്ചടക്കത്തെക്കുറിച്ചും താരം സംസാരിച്ചു. ലളിതമായ ജീവിതശൈലി പിന്തുടരുന്ന താൻ, അനാവശ്യ ചിലവുകൾ ഒഴിവാക്കി ഭാവിയിലേക്ക് കരുതുന്ന വ്യക്തിയാണെന്നും പറഞ്ഞു. സിനിമ എന്നും കൂടെയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും, അതിനാൽ തന്നെ സാമ്പത്തികമായി ആരോടും സഹായം ചോദിക്കാത്ത ഒരു സാഹചര്യം ഉറപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.