മേയർ വി.വി. രാജേഷിന് മല്ലിക സുകുമാരന്റെ ബിഗ് സല്യൂട്ട്; ‘സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി’

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം തിരുവനന്തപുരം നഗരവും ക്ഷേത്ര പരിസരവും അതിവേഗം വൃത്തിയാക്കിയ നഗരസഭയുടെ നടപടിയെയും അതിന് നേതൃത്വം നൽകിയ മേയർ വി.വി. രാജേഷിനെയും പ്രശംസിച്ച് നടി മല്ലിക സുകുമാരൻ. പൊങ്കാല കഴിഞ്ഞ് പുലർച്ചെ രണ്ട് മണി വരെ നഗരത്തിൽ തങ്ങി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മേയറുടെ ആത്മാർത്ഥതയെ താരം വാനോളം പുകഴ്ത്തി. വെറും വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ഒരു ഭരണാധികാരിയുടെ മികവ് തെളിയുന്നതെന്ന് മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പൊങ്കാല ദിവസം പുലർച്ചെ മുതൽ ഭക്തർക്കിടയിൽ സജീവമായിരുന്ന മേയറും സംഘവും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും മറ്റ് ക്രമീകരണങ്ങൾക്കും മുന്നിലുണ്ടായിരുന്നു. ചടങ്ങുകൾക്ക് പിന്നാലെ റോഡുകൾ കഴുകി വൃത്തിയാക്കി നഗരത്തെ പഴയപടിയാക്കാൻ കാണിച്ച ശുഷ്കാന്തി പ്രത്യേകം ശ്രദ്ധേയമാണെന്ന് താരം ചൂണ്ടിക്കാട്ടി. സഹപ്രവർത്തകർ കണ്ടു പഠിക്കേണ്ട മാതൃകയാണ് രാജേഷെന്നും സാധാരണക്കാരുടെ മനസ്സിൽ ഇത്തരം സൽപ്രവൃത്തികൾ എന്നും മങ്ങാതെ നിൽക്കുമെന്നും മല്ലിക കൂട്ടിച്ചേർത്തു.

മേയർക്കും ടീമിനും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മല്ലിക തന്റെ പ്രതികരണം അറിയിച്ചത്. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ 3000-ത്തോളം ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ നഗരം മാലിന്യമുക്തമാക്കാൻ കോർപ്പറേഷന് സാധിച്ചിരുന്നു. ഇതോടൊപ്പം പൊങ്കാല അടുപ്പുകളുടെ ഇഷ്ടികകൾ ശേഖരിച്ച് ലൈഫ് പദ്ധതിയിലുള്ളവർക്ക് നൽകാനുള്ള നഗരസഭയുടെ തീരുമാനത്തെയും താരം അഭിനന്ദിച്ചു.