പശ്ചിമേഷ്യൻ സംഘർഷം; റിലീസുകൾ പ്രതിസന്ധിയിൽ, ദൃശ്യം 3 ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങൾ നീളാൻ സാധ്യത

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥ മലയാള സിനിമയുടെ വിദേശ വിപണിയെയും റിലീസുകളെയും പ്രതിസന്ധിയിലാക്കുന്നു. മലയാള സിനിമയുടെ ഓവർസീസ് വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് ഗൾഫ് മേഖലയിൽ നിന്നായതിനാൽ, നിലവിലെ സാഹചര്യം വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് തീയതികളെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിസിസി രാജ്യങ്ങളിൽ മലയാള സിനിമകൾക്ക് വലിയ പ്രേക്ഷകവൃന്ദമുള്ളതിനാൽ ഗൾഫ് ഒഴിവാക്കിയുള്ള റിലീസ് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

സംഘർഷാവസ്ഥയെത്തുടർന്ന് പല പാൻ ഇന്ത്യൻ ചിത്രങ്ങളും ഇതിനോടകം റിലീസ് മാറ്റിയിട്ടുണ്ട്. കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഇതിന് ഉദാഹരണമാണ്. മാർച്ചിലെ റിലീസുകൾ വൈകിയാൽ അത് വരാനിരിക്കുന്ന വലിയ സീസണുകളെയും ദോഷകരമായി ബാധിക്കും. വേനലവധിയും വിഷുവും മുന്നിൽക്കണ്ട് പ്ലാൻ ചെയ്തിരിക്കുന്ന പല ചിത്രങ്ങളും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഈ മാസം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ജയസൂര്യയുടെ ‘ആട് 3’, നിവിൻ പോളി ചിത്രം ‘പ്രതിച്ഛായ’ എന്നിവയാണ് നിലവിൽ വെല്ലുവിളി നേരിടുന്ന പ്രധാന ചിത്രങ്ങൾ. ഗൾഫ് മേഖലയിലെ കളക്ഷൻ നിർണ്ണായകമായതിനാൽ ഈ ചിത്രങ്ങളുടെ വിദേശ റിലീസ് മാറ്റിവെക്കേണ്ടി വന്നാൽ അത് മൊത്തം വരുമാനത്തെ ബാധിക്കും. നിർമ്മാതാക്കൾ സാഹചര്യം വിലയിരുത്തി വരും ദിവസങ്ങളിൽ കൃത്യമായ തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്.

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘ദൃശ്യം 3’, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ എന്നിവ ഏപ്രിൽ മാസത്തിലാണ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ മാർച്ചിലെ റിലീസുകൾ തടസ്സപ്പെട്ടാൽ ഈ വമ്പൻ ചിത്രങ്ങളുടെ റിലീസ് തീയതികളിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സിനിമാ ലോകം വലിയ ആശങ്കയിലാണ്.