
മലയാളികളുടെ പ്രിയ താരം കലാഭവൻ മണി വിടവാങ്ങി പത്ത് വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. മണിയുടെ ഏക മകൾ ശ്രീലക്ഷ്മി (പാപ്പ) എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായി സേവനമനുഷ്ഠിച്ചു തുടങ്ങി. മണിയുടെ സഹോദരനും കലാകാരനുമായ ഡോ. ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പാവപ്പെട്ടവർക്ക് താങ്ങാവേണ്ട ഒരു ഡോക്ടറായി മകൾ വളരണമെന്നത് മണിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.
എറണാകുളത്തെ ശ്രീനാരായണ കോളേജ് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് ശ്രീലക്ഷ്മി വൈദ്യശാസ്ത്ര ബിരുദം നേടിയത്. അച്ഛന്റെ വിയോഗം തളർത്തിയ നിമിഷങ്ങളിൽ പോലും പഠനത്തിൽ മികവ് പുലർത്തിയ ശ്രീലക്ഷ്മി, കഠിനപ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. മകളുടെ പഠനസൗകര്യാർത്ഥം അമ്മ നിമ്മിയും കുറച്ചുകാലം എറണാകുളത്തായിരുന്നു താമസം. ഇപ്പോൾ ഇരുവരും ചാലക്കുടിയിലെ ‘മണികൂടാരം’ എന്ന വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
തന്റെ മകൾ ഒരു ഡോക്ടറാകണമെന്നും നാട്ടിലെ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു ആശുപത്രി നിർമ്മിക്കണമെന്നും കലാഭവൻ മണി പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അച്ഛൻ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ ആ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യപടിയാണ് ശ്രീലക്ഷ്മിയുടെ ഈ വിജയം. മണിയുടെ കുടുംബത്തിൽ നിന്നുള്ള ഈ വാർത്ത ആരാധകർക്കും വലിയ ആശ്വാസമാണ് പകരുന്നത്.
കലാഭവൻ മണിയുടെ മരണശേഷവും ചാലക്കുടിയിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. സഹായം അഭ്യർത്ഥിച്ചെത്തുന്നവരെയും ആരാധകരെയും സ്നേഹത്തോടെ സ്വീകരിച്ചിരുന്ന ആ വീട് മകൾ ഡോക്ടറായതോടെ വീണ്ടും സന്തോഷത്തിലായിരിക്കുകയാണ്. അച്ഛന്റെ ഓർമ്മകളെ നെഞ്ചോട് ചേർത്താണ് ശ്രീലക്ഷ്മി തന്റെ പുതിയ യാത്ര ആരംഭിക്കുന്നത്.











