
മലയാള സിനിമയിൽ തന്റെ അഭിനയമികവ് കൊണ്ട് ശ്രദ്ധേയമായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന താരം പിന്നീട് ‘ടേക്ക് ഓഫ്’, ‘തമാശ’, ‘മാലിക്’, ‘അറിയിപ്പ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി അവാർഡ് നേടിയതോടെ ദിവ്യ പ്രഭ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ, കാനിൽ പുരസ്കാരം നേടിയ ചിത്രത്തിലെ ഒരു പ്രത്യേക രംഗം (വീഡിയോ ക്ലിപ്പ്) മുൻനിർത്തി സോഷ്യൽ മീഡിയയിലും മറ്റും ദിവ്യ പ്രഭയെ തെറ്റായ രീതിയിൽ ജഡ്ജ് ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ കൃഷാന്ത്. ദിവ്യ പ്രഭ നായികയാകുന്ന ‘മസ്തിഷ്കമരണം’ എന്ന ചിത്രം സംവിധാനം ചെയ്തത് കൃഷാന്താണ്. ദിവ്യ ഒരു ഇന്റർനാഷണൽ സ്റ്റാർ ആണെന്നും ഒരു ചെറിയ വീഡിയോ ക്ലിപ്പിന്റെ പേരിൽ അവരെ വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയായ കാനിൽ പോയി വിജയിച്ച സിനിമയിലെ പ്രധാന താരമാണ് ദിവ്യ പ്രഭയെന്നും അതൊരു ചെറിയ കാര്യമല്ലെന്നും കൃഷാന്ത് പറയുന്നു. ഓസ്കാർ പുരസ്കാരങ്ങളെക്കാൾ കൂടുതൽ കലാപരമായ മുൻതൂക്കം കാൻ മേളയിലെ വിജയത്തിനുണ്ടെന്ന് പല ഫിലിം സ്കൂളുകളും വിശ്വസിക്കുന്നു. അത്തരമൊരു വേദിയിൽ അംഗീകരിക്കപ്പെട്ട നടിയെ കേവലം ഒരു സിനിമയിലെ രംഗത്തിന്റെ പേരിൽ വിമർശിക്കുന്നത് ഇവിടുത്തെ മീഡിയ സിസ്റ്റത്തിലെ തെറ്റായ ചിന്താഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











