
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെയും മുൻ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസിനെയും കോർത്തിണക്കി നടനും അഭിഭാഷകനുമായ ശങ്കർ ഇന്ദുചൂഢൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. തന്റെ ജീവിതത്തിലെ രണ്ട് ഗുരുതുല്യരായ വ്യക്തികളെക്കുറിച്ചുള്ള അപൂർവ്വമായ ഒരു ഓർമ്മയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
താൻ ലോ കോളേജിൽ പഠിക്കുന്ന കാലത്ത് ജസ്റ്റിസ് കെ.ടി. തോമസിനെ കാണാൻ പോയ അനുഭവം ശങ്കർ വിവരിക്കുന്നു. ഭരണഘടനാപരമായ സംശയങ്ങൾ തീർക്കുന്നതിനിടയിൽ ശങ്കറിന്റെ സംസാരവും രീതികളും ശ്രദ്ധിച്ച ജസ്റ്റിസ്, “I think you should try your hand in acting, you have a great chance to be a good actor” എന്ന് ഉപദേശിച്ചു. ശങ്കർ അന്ന് തന്റെ ആദ്യ ചിത്രമായ ‘രക്ഷാധികാരി ബൈജു’വിൽ അഭിനയിച്ചു കഴിഞ്ഞ വിവരം പറഞ്ഞപ്പോൾ അദ്ദേഹം ഏറെ സന്തോഷവാനായി.
തുടർന്ന് തന്റെ മുൻപിലെത്തിയിരുന്ന മറ്റൊരു യുവ അഭിഭാഷകനെക്കുറിച്ച് ജസ്റ്റിസ് വാചാലനായി. “വർഷങ്ങൾക്കു മുൻപ് വർധിച്ച ഉത്സാഹത്തോടെ, ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ എന്നോട് ഇടപെടാറുള്ള ഒരു യുവ അഭിഭാഷകനുണ്ടായിരുന്നു. ലൊക്കേഷനുകളിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്ന ആ യുവകലാകാരനെ അന്നേ ഞാൻ ആശീർവദിച്ചിരുന്നു. നിങ്ങൾക്കൊക്കെ അറിയാം – His name is Mr. Mammootty,” എന്ന് ജസ്റ്റിസ് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വലിയൊരു അഭിമാനമുണ്ടായിരുന്നുവെന്ന് ശങ്കർ ഓർക്കുന്നു.
വർഷങ്ങൾക്ക് ശേഷം എം.ടി. വാസുദേവൻ നായരുടെ ‘മനോരഥങ്ങൾ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ശങ്കർ ഈ കാര്യം മമ്മൂട്ടിയോട് പങ്കുവെച്ചു. ജസ്റ്റിസിന്റെ വാക്കുകൾ കേട്ടപ്പോൾ മമ്മൂട്ടിയുടെ മുഖത്ത് അതിലേറെ സന്തോഷവും ആനന്ദവുമാണ് കണ്ടതെന്ന് ശങ്കർ കുറിച്ചു. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ ജസ്റ്റിസ് കെ.ടി. തോമസിന് പത്മവിഭൂഷണും മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ച സാഹചര്യത്തിൽ, ഇവരെ രണ്ടുപേരെയും ബന്ധിപ്പിക്കുന്ന ഈ ഓർമ്മ തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് പറഞ്ഞാണ് ശങ്കർ കുറിപ്പ് അവസാനിപ്പിക്കുന്നത്.











