‘ഹൻസിക ഏഴരവർഷത്തോളം ചികിത്സയിലായിരുന്നു’; മകളെക്കുറിച്ച് മനസ്സ് തുറന്ന് കൃഷ്ണകുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാൽ തന്റെ ഇളയ മകൾ ഹൻസിക കടന്നുപോയ പ്രയാസകരമായ ഒരു കാലഘട്ടത്തെക്കുറിച്ച് താരം ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒരു അഭിമുഖത്തിലാണ് മകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.

ഹൻസികയ്ക്ക് ഇടക്കാലത്ത് നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏഴരവർഷത്തോളം അവൾ ചികിത്സയിലായിരുന്നുവെന്ന് കൃഷ്ണകുമാർ വെളിപ്പെടുത്തി. ഇതിൽ ഒന്ന് രണ്ട് വർഷത്തോളം ആശുപത്രിയിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യവും ഉണ്ടായിരുന്നു. അക്കാലത്ത് കുടുംബാംഗങ്ങളെല്ലാം അവളുമായി വൈകാരികമായി വളരെയധികം അടുത്തിരുന്നുവെന്നും, ഹൻസികയ്ക്ക് എന്തെങ്കിലും പ്രയാസം വരുമ്പോൾ മൂത്ത മകൾ അഹാന (അമ്മു) വല്ലാതെ സങ്കടപ്പെടുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

വീട്ടിലെ കാര്യങ്ങളിൽ ഹൻസികയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇളയ മകളാണെങ്കിലും വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവൾ ഇടപെട്ടാൽ പത്ത് മിനിറ്റിനുള്ളിൽ സമാധാനമുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിലെ ഓരോ മക്കളുടെയും സ്വഭാവരീതികളെക്കുറിച്ചും താരം വാചാലനായി. അഹാനയും ഇഷാനിയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാണെന്നും, വീടിന്റെ സന്തോഷം ദിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ദീർഘവീക്ഷണമുള്ളത് അഹാനയ്ക്കാണെന്നും എന്നാൽ കൂട്ടത്തിൽ വാശിക്കാരി ഇഷാനിയാണെന്നും കൃഷ്ണകുമാർ പറയുന്നു. ചിലപ്പോഴൊക്കെ വാശി നല്ലതാണെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് ഹൻസിക ആരോഗ്യവതിയായി തിരിച്ചെത്തിയതിലും ഇന്ന് സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നതിലും വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.