
ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും മലയാള സിനിമയിലെ സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ‘ആട് 3’ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിയിൽ തന്നെ തിയറ്ററുകളിലെത്തും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര പ്രതിസന്ധികളും കാരണം സിനിമയുടെ റിലീസ് നീട്ടിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത്തരം ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് 2026 മാർച്ച് 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചത്.
സിനിമാ വ്യവസായത്തിന് പുതിയൊരു ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ റിലീസ് നീട്ടുന്നത് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിയോക്കിന്റെയും പിന്തുണയോടെ ഈ തീരുമാനമെടുത്തത്. പ്രതിസന്ധികൾക്കിടയിലും മികച്ചൊരു സിനിമാനുഭവം പ്രേക്ഷകർക്ക് നൽകുക എന്നതാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3: വൺ ലാസ്റ്റ് റൈഡ്, പാർട്ട്-1’ മലയാളത്തിലെ ആദ്യത്തെ ‘എപിക് ഫാന്റസി’ ചിത്രമായാണ് ഒരുങ്ങുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പനും സംഘവും ഇത്തവണ തികച്ചും വ്യത്യസ്തവും വലിയ ബജറ്റിലുമുള്ള പശ്ചാത്തലത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മുൻഭാഗങ്ങളിലെ തമാശകളും ആവേശവും നിലനിർത്തിക്കൊണ്ടുതന്നെ സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
സൗഹൃദത്തിന്റെയും ചിരിയുടെയും മാന്ത്രികത ആഘോഷിക്കുന്ന ‘ആട്’ ഫ്രാഞ്ചൈസിക്ക് മനുഷ്യരെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി നിർമ്മാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ലോകത്ത് സമാധാനവും സന്തോഷവും നിലനിൽക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും, സിനിമയോടുള്ള പ്രേക്ഷകരുടെ സ്നേഹമാണ് ഈ സാഹസിക തീരുമാനത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. മാർച്ച് 19-ന് ലോകമെമ്പാടുമുള്ള സ്ക്രീനുകളിൽ പാപ്പനും സംഘവും ആവേശം വിതറാൻ എത്തും.











