
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘അമ്മയാണെ സത്യം’ കമൽഹാസനെ നായകനാക്കി ‘കണ്ടേൻ സീതയെ’ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ യഥാർത്ഥ കാരണം 30 വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ. പത്ത് ദിവസത്തോളം എറണാകുളത്ത് ചിത്രീകരണം നടന്ന ശേഷമാണ് ചിത്രം മുടങ്ങിയത്. നായിക ആൺവേഷം കെട്ടി സ്കോർ ചെയ്യുന്ന സിനിമയിൽ തനിക്ക് പ്രസക്തിയില്ലെന്ന കമൽഹാസന്റെ സ്വാർത്ഥചിന്തയാണ് സിനിമ മുടങ്ങാൻ കാരണമായതെന്ന് മേനോൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
ചിത്രീകരണ വേളയിൽ ലൊക്കേഷനിലെത്തിയ ക്രേസി മോഹനും സംഘവും നൽകിയ ചില ആശയങ്ങളാണ് കമൽഹാസനെ മാറ്റി ചിന്തിപ്പിച്ചത്. “നായകനെക്കാൾ കൂടുതൽ സിനിമയിൽ നായികയ്ക്ക് സ്കോർ ചെയ്യാൻ സാധിക്കും, അതിന് പകരം എന്തുകൊണ്ട് നിനക്ക് പെൺവേഷം കെട്ടിക്കൂടാ” എന്ന അവരുടെ ചോദ്യം കമൽഹാസന്റെ ഉള്ളിൽ ഒരു വിദ്വേഷ ചിന്തയുണ്ടാക്കി. ആ ചിന്തയുടെ തുടർച്ചയാണ് പിന്നീട് ‘അവ്വൈ ഷണ്മുഖി’ എന്ന സിനിമയായി മാറിയതെന്ന് ബാലചന്ദ്ര മേനോൻ ആരോപിക്കുന്നു. തന്റെ പ്രോജക്റ്റ് പാതിവഴിയിൽ ഉപേക്ഷിച്ച്, ആ ആശയത്തെ സ്വന്തം സിനിമയ്ക്കായി കമൽ ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു കലാകാരൻ എന്ന നിലയിൽ കമൽഹാസൻ അതീവ സ്വാർത്ഥനാണെന്നും സഹപ്രവർത്തകരോട് യാതൊരു സെന്റിമെന്റ്സും അദ്ദേഹം കാണിക്കാറില്ലെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. 80 ശതമാനത്തോളം പണികൾ പൂർത്തിയായ സിനിമ ഉപേക്ഷിച്ചപ്പോൾ നേരിട്ട നഷ്ടങ്ങൾ വലുതായിരുന്നു. ഈ നീരസം താൻ പുറത്ത് പ്രകടിപ്പിക്കാറില്ലെങ്കിലും കമൽഹാസന് ഇന്നും തന്നോട് സംസാരിക്കാൻ പ്രയാസമുണ്ടെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കി.











