അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റണം; സിബിഐക്ക് കത്തയച്ച് വിജയ്‍

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിനായി തന്നെ ചോദ്യം ചെയ്യുന്നത് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് സിബിഐക്ക് കത്തയച്ചു. നിലവിൽ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണ നടപടികൾ ചെന്നൈയിലോ സംസ്ഥാനത്തെ മറ്റേതെങ്കിലും നഗരങ്ങളിലോ വെച്ച് നടത്തണമെന്നാണ് വിജയ്‍യുടെ ആവശ്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

നിയമം അനുസരിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അന്വേഷണ നടപടികളോടും താൻ പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്ന് വിജയ് കത്തിൽ വ്യക്തമാക്കി. കത്തിന്റെ പകർപ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സുപ്രീം കോടതി സമിതി അധ്യക്ഷൻ ജസ്റ്റിസ് അജയ് രാസ്തോഗിക്കും അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായ വിജയ്‍യെ ഏഴ് മണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം ഡൽഹിയിലേക്കുള്ള യാത്രകൾ ബുദ്ധിമുട്ടാണെന്ന കാര്യം അദ്ദേഹം അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് സിബിഐ നിലവിൽ അന്വേഷണം നടത്തുന്നത്. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സിബിഐ ഏറ്റെടുത്തത്. കേസിൽ ഇതുവരെ മൂന്ന് തവണ വിജയ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാനാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം ഉടൻ തന്നെ തമിഴ്‌നാട്ടിലേക്ക് മടങ്ങിയതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.