സ്ഥാനാർത്ഥിയെ നൂറിൽപ്പരം സിനിമ ചെയ്തവനെന്ന് പരിചയപ്പെടുത്തേണ്ടി വരുന്നത് ഗതികേട്: സ്നേഹ ശ്രീകുമാർ

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലിബ്രിറ്റി സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പോലും പരിശോധിക്കാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് താരം തുറന്നടിച്ചു. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥിയായി ട്വന്റി 20 സഖ്യത്തിലൂടെ സെലിബ്രിറ്റികളെ പരീക്ഷിക്കുന്നതിലെ യുക്തിയെയാണ് സ്നേഹ പ്രധാനമായും ചോദ്യം ചെയ്തത്.

വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തുള്ള നിരവധി പേർ നിൽക്കുമ്പോൾ, അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ഇത്തരമൊരു തീരുമാനം എന്തിനാണെന്ന് സ്നേഹ ചോദിക്കുന്നു. “ഒരു സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുമ്പോൾ ഇത്ര വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആൾ എന്ന് പറയുന്നതിന് പകരം, നൂറിലധികം സിനിമ ചെയ്ത ആൾ എന്ന് പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്,” താരം പറഞ്ഞു. സിനിമയിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് ആളുകൾ ഉദ്ഘാടനങ്ങൾക്കും മറ്റും വിളിക്കുന്നത് പോലെയാകരുത് രാഷ്ട്രീയ സ്ഥാനാർത്ഥിത്വമെന്നും താരം ഓർമ്മിപ്പിച്ചു.

സ്ഥാനാർത്ഥികളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും, അവരെ ഇതിനായി ഇറക്കിയ ടീമിന് അത് നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേയെന്നും സ്നേഹ ചോദിച്ചു. രാഷ്ട്രീയത്തിലേക്കുള്ള താരങ്ങളുടെ കടന്നുവരവിനെ കേവലം ഗ്ലാമർ വോട്ടുകൾക്കായി ഉപയോഗിക്കുന്നതിലെ അതൃപ്തിയാണ് താരത്തിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.