
നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സിനിമാ താരം സുധീർ കരമന. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്.
എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനാണ് സുധീർ കരമനയുടെ സ്ഥാനാർതിത്വം പ്രഖ്യാപിച്ചത്. നടനും സാംസ്കാരിക പ്രവർത്തകനും ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ സുധീർ പ്രശസ്ത നടനായ കരമന ജനാർദ്ദനന്റെ മകനാണ്.
സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിൽ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടുന്നത്.
സിപിഎമ്മിന്‍റെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രൽ. തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് ആൻ്റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതെ വന്നതോടെയാണ് സുധീര്‍ കരമനയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്.











