യുദ്ധഭീതിയിലും കുതിച്ച് ഷാജി പാപ്പൻ; മിഡിൽ ഈസ്റ്റിൽ രണ്ട് ദിവസത്തിൽ ആട് 3 കണ്ടത് 2 ലക്ഷം പേർ

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും തീയേറ്ററുകളിൽ വൻ തരംഗമായി മാറുകയാണ് ജയസൂര്യ ചിത്രം ‘ആട് 3’. സിനിമ പുറത്തിറങ്ങി വെറും രണ്ട് ദിവസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിൽ മാത്രം ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ ചിത്രം കണ്ടുവെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെളിപ്പെടുത്തി. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ സിനിമയുടെ റിലീസ് മാറ്റിവെക്കണമെന്ന് പലരും നിർദ്ദേശിച്ചിരുന്നെങ്കിലും, ചിത്രത്തിലുള്ള വിശ്വാസം കൈവിടാതെ മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി അവസാനം മുതൽ മേഖലയിൽ സംഘർഷം ആരംഭിച്ചതോടെ പല വലിയ സിനിമകളും റിലീസ് മാറ്റിവെച്ചിരുന്നു. ഡിസ്ട്രിബ്യൂട്ടർമാർ പോലും പിന്മാറുന്ന സാഹചര്യം ഉണ്ടായെങ്കിലും, മിഡിൽ ഈസ്റ്റിലെ ഭരണകൂടങ്ങളുടെ സുരക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസവും മുപ്പത്താറ് വർഷത്തെ പ്രവാസ ജീവിതത്തിന്റെ പരിചയസമ്പത്തും തനിക്ക് കരുത്തായെന്ന് വേണു കുന്നപ്പിള്ളി വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിലെല്ലാം സെൻസറിംഗ് പൂർത്തിയാക്കി തീയേറ്ററുകൾ ആവേശത്തോടെ സിനിമയെ സ്വീകരിക്കുകയായിരുന്നു.

പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഈ സ്വീകാര്യത കണ്ട് തന്റെ കണ്ണ് നിറഞ്ഞുപോയെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ചിത്രമെന്ന നിലയിൽ ടെൻഷൻ നിറഞ്ഞ ഈ കാലഘട്ടത്തിൽ ‘ആട് 3’ ആളുകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെയും ഫ്രൈഡേ ഫിലിംസിന്റെയും സഹകരണത്തോടെ എടുത്ത ഈ റിസ്ക് ഫലം കണ്ടതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.