‘ധുരന്ധർ 2’ കണ്ട് രജനികാന്ത്; ആദിത്യ ധർ ബോക്സ് ഓഫീസിന്റെ തലത്തൊട്ടപ്പനെന്ന് പ്രശംസ

ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായ ‘ധുരന്ധർ 2’ എന്ന ചിത്രത്തെ പ്രശംസിച്ച് സൂപ്പർ താരം രജനികാന്ത്. എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്ന് അദ്ദേഹം തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ കുറിച്ചു. ചിത്രത്തിന്റെ ഗംഭീര വിജയത്തെ അഭിനന്ദിച്ച താരം, സംവിധായകൻ ആദിത്യ ധറിനെ ‘ബോക്സ് ഓഫീസിന്റെ തലത്തൊട്ടപ്പൻ’ (Box office-ka baap) എന്നാണ് വിശേഷിപ്പിച്ചത്. രൺവീറിനും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കും അദ്ദേഹം പ്രത്യേക ആശംസകൾ നേർന്നു.

രജനികാന്തിന്റെ പ്രശംസയ്ക്ക് വൈകാരികമായ മറുപടിയുമായി സംവിധായകൻ ആദിത്യ ധറും രംഗത്തെത്തി. തങ്ങളെപ്പോലെയുള്ളവർ ‘വിനോദം’ എന്ന വാക്കിനെ അളക്കുന്നത് തന്നെ രജനികാന്ത് എന്ന പേര് വച്ചാണെന്ന് അദ്ദേഹം കുറിച്ചു. പതിറ്റാണ്ടുകളായി പ്രേക്ഷകരെ വിസിലടിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആ മാന്ത്രികത ഇപ്പോഴും തുടരുന്നത് അത്ഭുതകരമാണെന്നും ആദിത്യ പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘സൂപ്പർസ്റ്റാർ നിമിഷം’ എന്നാണ് ആദിത്യ ഇതിനെ വിശേഷിപ്പിച്ചത്. വലിയ സ്വപ്നങ്ങൾ കാണാൻ തങ്ങളെ പഠിപ്പിച്ച വ്യക്തിയിൽ നിന്ന് ലഭിച്ച ഈ അനുഗ്രഹം വാക്കുകൾക്ക് അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സംവിധായകൻ രാം ഗോപാൽ വർമ്മയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മികച്ച ബോക്സ് ഓഫീസ് പ്രകടനം തുടരുന്ന സിനിമ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.