
തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്ന ‘ആട് 3’യുടെ വിജയവാർത്തകൾ പങ്കുവെക്കാൻ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വൈകാരികമായ ഒരു വെളിപ്പെടുത്തലുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സിനിമയുടെ എഡിറ്റിംഗ് വേളയിൽ ഒഴിവാക്കേണ്ടി വന്ന ഒരു സുപ്രധാന രംഗത്തെക്കുറിച്ച് ഖേദം പ്രകടിപ്പിച്ച സംവിധായകൻ, ആ രംഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവനടൻ അക്ഷയ് രാധാകൃഷ്ണനോട് പരസ്യമായി ക്ഷമ ചോദിച്ചു. സിനിമയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാലാണ് കഠിനാധ്വാനം ചെയ്ത് ചിത്രീകരിച്ച ആ സീൻ നീക്കം ചെയ്യേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പഴയ കാലഘട്ടത്തിലെ ‘മാടൻ കണ്ടപ്പൻ’ എന്ന കഥാപാത്രമായി അക്ഷയ് അഭിനയിച്ച ഗംഭീരമായ ഒരു ആക്ഷൻ-കോമഡി രംഗമായിരുന്നു ഇത്. ആറേഴ് കുതിരകളെയൊക്കെ ഉപയോഗിച്ച് വലിയ ക്യാൻവാസിൽ ചിത്രീകരിച്ച ഈ രംഗം ഉൾപ്പെടുത്താൻ താൻ പരമാവധി ശ്രമിച്ചെങ്കിലും സിനിമയുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി ഒടുവിൽ ഒഴിവാക്കുകയായിരുന്നു. “അക്ഷയിനെ വിളിച്ച് എനിക്കൊരു സോറി പറയണം, അത്രയും മനോഹരമായ ഒരു സീൻ ആയിരുന്നു അത്” എന്ന് മിഥുൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ വെളിപ്പെടുത്തലിന് പിന്നാലെ ഹൃദ്യമായ മറുപടിയുമായി അക്ഷയ് രാധാകൃഷ്ണനും രംഗത്തെത്തി. താൻ അഭിനയിച്ച സീൻ ഒഴിവാക്കിയതിൽ ഒട്ടും വിഷമമില്ലെന്നും ഇത്തരം കാര്യങ്ങൾ ഒരു സിനിമയുടെ ഭാഗമാണെന്നും അക്ഷയ് പറഞ്ഞു. ‘ആട് 3’ എന്ന വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും മിഥുന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു. സാത്താൻ സേവ്യറുടെ ഇൻട്രോ സീനിലും ഫ്ലാഷ്ബാക്ക് രംഗങ്ങളിലുമാണ് അക്ഷയ് പ്രത്യക്ഷപ്പെടുന്നത്.
തിറ്ററിൽ കാണാൻ സാധിച്ചില്ലെങ്കിലും ഒഴിവാക്കിയ ആ ‘മാടൻ കണ്ടപ്പൻ’ സീൻ ഉടൻ തന്നെ അണിയറപ്രവർത്തകർ യുട്യൂബിലൂടെ പുറത്തുവിടും. നിലവിൽ അഞ്ച് ദിവസം കൊണ്ട് 60 കോടി രൂപയിലേറെ ആഗോള കളക്ഷൻ നേടിയ ചിത്രം വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുമ്പോൾ വരാനിരിക്കുന്ന ഡിലീറ്റഡ് സീനിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.











