
ആമസോൺ പ്രൈം വീഡിയോയിലെ പ്രശസ്തമായ ‘റീച്ചർ’ (Reacher) പരമ്പരയിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ ഹോളിവുഡ് താരം അലൻ റിച്ച്‌സനെതിരെ മർദ്ദന പരാതിയുമായി അയൽവാസി. ടെന്നസിയിലെ നാഷ്‌വില്ലെ സബർബിൽ വെച്ച് തന്റെ അയൽവാസിയായ റോണി ടെയ്‌ലറെ താരം ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ടിഎംസി (TMZ) പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ബൈക്കിന്റെ അമിത ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച അലൻ റിച്ച്‌സൺ തന്റെ ഗ്രീൻ കവാസക്കി ഡേർട്ട് ബൈക്ക് ഉപയോഗിച്ച് അമിതവേഗതയിൽ പായുകയും എൻജിൻ ഇരപ്പിക്കുകയും ചെയ്തത് സമാധാനാന്തരീക്ഷം തകർത്തുവെന്ന് റോണി ടെയ്‌ലർ ആരോപിക്കുന്നു. ഇതിനെതിരെ താൻ ആംഗ്യം കാണിച്ചപ്പോൾ താരം തിരിച്ചും മോശം ആംഗ്യം കാണിച്ചുവെന്ന് ടെയ്‌ലർ പറയുന്നു. പിറ്റേന്ന് ഞായറാഴ്ച റിച്ച്‌സൺ തന്റെ രണ്ട് മക്കൾക്കൊപ്പം ബൈക്കിൽ വീണ്ടും എത്തിയപ്പോൾ ടെയ്‌ലർ തടഞ്ഞുനിർത്തുകയും “ഇതൊന്ന് നിർത്താമോ” എന്ന് ചോദിക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ താരം തന്നെ മുഖത്തിടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായാണ് ടെയ്‌ലറുടെ പരാതി. നാലോളം തവണ റിച്ച്‌സൺ തന്നെ മർദ്ദിച്ചുവെന്നും ഇതിന്റെ ഫലമായി തന്റെ മുഖത്ത് നീരും ചതവുമുണ്ടായതായും അദ്ദേഹം പോലീസിനോട് പറഞ്ഞു. അതേസമയം, ടെയ്‌ലറാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചതെന്നും താരത്തിന്റെ ബൈക്കിന് കുറുകെ ചാടി വീഴുകയും അദ്ദേഹത്തെ ബൈക്കിൽ നിന്ന് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തതായും റിച്ച്‌സണുമായി അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു.
താരത്തിന്റെ കുട്ടികൾ നോക്കിനിൽക്കെയാണ് ഈ സംഭവങ്ങൾ നടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ‘റീച്ചർ’ എന്ന പരമ്പരയിൽ കരുത്തുറ്റ ആക്ഷൻ ഹീറോയായി തിളങ്ങുന്ന റിച്ച്‌സൺ യഥാർത്ഥ ജീവിതത്തിലും ഇത്തരം ഒരു അക്രമാസക്തമായ സാഹചര്യത്തിൽ ഉൾപ്പെട്ടത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.











